മൂന്നാമത് ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം പ്രഖ്യാപിച്ചു
ആന്തൂർ നഗരസഭ, കല്യാശേരി, പാപ്പിനിശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്തുകളിൽ കഴിഞ്ഞ 2011 മുതൽ സാന്ത്വന പരിചരണ രംഗത്ത് സജീവമാണ് കണ്ണപുരം സ്വദേശിയായ തമ്പാൻ.
തളിപ്പറമ്പ്: മൂന്നാമത് ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വളണ്ടിയർ എൻ. തമ്പാൻ അർഹനായെന്ന് പുരസ്ക്കാര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബാവുക്കാട്ട് ഗോവിന്ദൻ, എം.ജി മഞ്ജുനാഥ്, ഗിരീഷ് പൂക്കോത്ത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം.
ആന്തൂർ നഗരസഭ, കല്യാശേരി, പാപ്പിനിശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്തുകളിൽ കഴിഞ്ഞ 2011 മുതൽ സാന്ത്വന പരിചരണ രംഗത്ത് സജീവമാണ് കണ്ണപുരം സ്വദേശിയായ തമ്പാൻ. കണ്ണൂർ ചൊവ്വ സ്പിന്നിംങ് മിൽ തൊഴിലാളിയായിരുന്നു. മുൻ കണ്ണപുരം ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു.
പാർവ്വതിയമ്മയുടെ ചരമദിനമായ ഒക്ടോബർ 6ന് രാവിലെ 10 മണിക്ക് കീഴാറ്റൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ടി.ഗംഗാധരൻ പുരസ്ക്കാരം സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ ഗിരീഷ് പൂക്കോത്ത്, ബാവുക്കാട്ട് ഗോവിന്ദൻ, എം.ജി മഞ്ജുനാഥ്, കെ.പി സുരേഷ് കുമാർ പങ്കെടുത്തു.