കണ്ണൂർ കണ്ണവം വനത്തിൽ കാണാതായ യുവതിക്കായുള്ള തെരച്ചിൽ വീണ്ടും സജീവമാക്കും
തെരച്ചിൽ മറ്റ് ഭാഗങ്ങളിലും തുടരും. യുവതിയെ കണ്ടെത്താനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും
കണ്ണൂർ: കണ്ണവം വനമേഖലയിൽ രണ്ടാഴ്ച മുൻപ് കാണാതായ ആദിവാസി യുവതിക്കായുള്ള തെരച്ചിൽ വീണ്ടും സജീവമാക്കാൻ കെ.പി.മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. കാണാതായ എൻ. സിന്ധുവിന്റെ വീട്ടു പരിസരത്ത് ഒരു കിലോമീറ്റർ ദൂരം ഡോഗ് സ്ക്വാഡിന്റെ കൂടി സഹായത്തോടെ സുശക്തമായ തെരച്ചിൽ സംഘടിപ്പിക്കാനാണ് തീരുമാനം.
തെരച്ചിൽ മറ്റ് ഭാഗങ്ങളിലും തുടരും. യുവതിയെ കണ്ടെത്താനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെ.പി.മോഹനൻ എംഎൽഎ യോഗത്തിൽ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി ഷിനിജ, പൊലീസ് ഇൻസ്പെക്ടർ കെ.വി.ഉമേഷ്, എസ്ഐമാരായ രതീഷ്, സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം. ജിഷ്ണു, കെ.വി പ്രശോഭ്, രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകരായ എ.അശോകൻ, പന്ന്യോടൻ ചന്ദ്രൻ, ചോയൻ ബാലകൃഷ്ണൻ, സി.പി. രാഘവൻ, വി.പി. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.