ഡിസംബറിനുള്ളിൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കും; മേയർ
കണ്ണൂർ: കോർപ്പറേഷൻ പരിധിക്കുള്ളിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റ പ്രവർത്തികൾ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ഡിസംബറിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ അറിയിച്ചു. ഇൻറർലോക്ക് ചെയ്തു നവീകരിച്ച കണ്ണൂർ എം എ റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മേയർ. വ്യാപാരികളും പൊതുജനങ്ങളും പടക്കം പൊട്ടിച്ചും മധുര പലഹാര വിതരണം നടത്തിയും അതിരറ്റ ആഹ്ലാദത്തോടെ ഉദ്ഘാടനത്തിൽ പങ്കുചേർന്നു.
ഡെപ്യൂട്ടി മേയർ പി ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി കെ ശ്രീലത സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷമീമ ടീച്ചർ, സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ കൗൺസിലർമാരായ അബ്ദുൽ റസാക്ക് പി. വി ജയസൂര്യൻ, സൂപ്രണ്ടിംഗ് എൻജിനീയർ ഇൻ ചാർജ് എംസി ജശ്വന്ത് , എക്സിക്യൂട്ടീവ് എൻജിനീയർ പി പി വത്സലൻ , വ്യാപാരി സംഘടന പ്രതിനിധികളായ പുനത്തിൽ അബ്ദുൽ ബാഷിത്, എം ആർ നൗഷാദ്, കെ സാഹിർ , ദിനേശൻ , മുരുകൻ തുടങ്ങിയവരും സംബന്ധിച്ചു.
2023 - 24 വാർഷിക പദ്ധതിയിൽ പെടുത്തിയ പതിനാല് ലക്ഷം രൂപ അടങ്കൽ തുകയുള്ള പ്രവർത്തി 1119803 രൂപയ്ക്കാണ് കോൺട്രാക്ടർ ടി ഡി ദേവസ്യ ടെണ്ടർ എടുത്ത് പൂർത്തീകരിച്ചത്.