കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ തെരഞ്ഞെടുപ്പിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തിയ കലക്ടറുടെ നടപടി പ്രതിഷേധാർഹം; പത്രപ്രവർത്തക യൂണിയൻ

District Panchayat Elections: The Collector's ban on the media became controversial
District Panchayat Elections: The Collector's ban on the media became controversial

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മാധ്യമങ്ങളെ ജില്ലാ പഞ്ചായത്ത് ഗേറ്റിനു പുറത്തു നിർത്താൻ നിർദേശിച്ച കണ്ണൂർ കലക്ടറുടെ നിലപാടിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യൂ.ജെ) ജില്ലാ പ്രസിഡന്റ് സി സുനിൽ കുമാറും സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പും പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പുകൾ സുതാര്യമാവുന്നത് മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടാകുമ്പോഴാണ്. ജില്ലാ പഞ്ചായത്ത് ഹാളിൽ മാധ്യമപ്രവർത്തകർക്ക് ഇരിക്കാനുള്ള വിശാലമായ ഗാലറി സൗകര്യമുണ്ടായിട്ടും മാധ്യമങ്ങളെ പുറത്തു നിർത്താൻ വരണാധികാരിയായ കലക്ടർ നിർദേശിച്ചതായാണ് മനസ്സിലാക്കുന്നത്.

മുൻപ് കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അന്നത്തെ കലക്ടറും സമാനമായ രീതിയിൽ മാധ്യമവിലക്കിന് ശ്രമിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളെ വിലക്കേണ്ട ആവശ്യമില്ലെന്നാണ് അന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പ്രതികരിച്ചത്.
മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഭരണഘടനാ പ്രകാരമുള്ള യുക്തമായ നിയന്ത്രണമേ ഏർപ്പെടുത്താനാവൂവെന്ന് കേരള ഹൈക്കോടതി പറഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.

District Panchayat Elections: The Collector's ban on the media became controversial

മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ തന്നെ നിഷേധത്തിലേക്കും നയിക്കുമെന്നും കോടതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റിലും നിയമസഭകളിലും അവിശ്വാസപ്രമേയ ചർച്ച നടക്കുമ്പോഴും വോട്ടിനിടുമ്പോഴും ഉൾപ്പെടെ നടപടിക്രമങ്ങളെല്ലാം മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് നടത്തുന്നത്.

സുതാര്യമായ രീതിയിൽ നടപടികൾ പൂർത്തിയാക്കുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാവുന്നത്. അതിനു തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന കലക്ടറുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags