ന്യൂമാഹിയില്‍ കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് പൊലിസ്, തുറന്ന് നോക്കിയപ്പോള്‍ മണ്ണ്, ഭീതിപരത്താന്‍ അഞ്ജാതര്‍ ഉപേക്ഷിച്ചതാവാമെന്ന് പൊലിസ്
തലശേരി: ന്യൂമാഹി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പളളൂര്‍ സബ് സ്‌റ്റേഷന് സമീപത്ത് തലശേരി-മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികില്‍ കണ്ടെത്തിയത് വ്യാജ സ്റ്റീല്‍ ബോംബാണെന്ന് പൊലിസ് അറിയിച്ചു. ഞായറാഴ്ച്ച രാവിലെന്യൂമാഹി എസ്. ഐ പ്രമോദിന്റെ നേതൃത്വത്തിലുളള സംഘമാണ്ബോംബ് കസ്റ്റഡിയിലെടുത്തത്.
ഉഗ്രസ്‌ഫോടക ശേഷിയുളള സ്റ്റീല്‍ ബോംബാണെന്ന നിഗമനത്തിലാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതിനകത്തു മണ്ണ് കണ്ടെത്തുകയായിരുന്നു. കബളിപ്പിക്കാന്‍ വേണ്ടി അഞ്ജാതര്‍ ഉപേക്ഷിച്ചതാവാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ആമ്പിലാട് രണ്ട് ഉഗ്രസ്‌ഫോടക ശേഷിയുളള നാടന്‍ ബോംബ് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് റോഡരികില്‍ വീണ്ടും ബോംബ് കണ്ടെത്തിയത്. തലശേരി എരഞ്ഞോളിയില്‍ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ തേങ്ങപെറുക്കുകയായിരുന്ന വയോധികന്‍ ബോംബു പൊട്ടി മരിച്ചതിനെ തുടര്‍ന്ന് പൊലിസ് തലശേരി മേഖലയിലെ വിവിധ പൊലിസ് സ്‌റ്റേഷന്‍പരിധിയില്‍ പൊലിസ് റെയ്ഡ് നടത്തിവരികയാണ്.