ആറുപതിറ്റാണ്ടു മുൻപത്തെ പെരുങ്കളിയാട്ട ഓർമയിൽ മാതമംഗലത്തെ പഴയ തലമുറ
19 വർഷത്തിന് ശേഷം മറ്റൊരു കളിയാട്ടത്തിനായി മുച്ചിലോട്ടു ഭഗവതി ക്ഷേത്രം സാക്ഷ്യം വഹിക്കുമ്പോൾ ആറുപതിറ്റാണ്ടു മുൻപ് നടന്ന പെരുങ്കളിയാട്ട ഓർമയിൽ പഴയ തലമുറ. ചെറുപ്രായത്തിലേ ആ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ പഴയ പ്രസരിപ്പും ചുറുചുറുക്കുമാണ് അവരുടെ മുഖത്ത് തെളിയുന്നത് .
1960 -61 കാലഘട്ടത്തിലെ കളിയാട്ടം മുതൽ 4 ഓളം കളിയാട്ടങ്ങൾ കണ്ടതിന്റെ ഓർമ്മകളുമായാണ് ഇവരിൽ പലരും ഇന്ന് ക്ഷേത്രസന്നിധിയിൽ നിൽക്കുന്നത്. ചെറുപ്പകാലത്തെ ആ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ ഇവരും ആ പഴയ കുട്ടികളാവുകയാണ്. പണ്ട് കളിയാട്ടക്കാലത്ത് കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ഭക്ഷണശേഷമുള്ള ആ ഇലകൾ വടികൾ കൊണ്ട് നീക്കം ചെയ്തിരുന്നത് അന്നത്തെ ചെറുപ്പക്കാരായിരുന്ന ഇവരുടെ ജോലിയായിരുന്നു.
ദൂരസ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകളടക്കമുള്ളവർ പായയും വസ്ത്രങ്ങളും പൊതിഞ്ഞു കെട്ടി വന്ന് കളിയാട്ടം തീരുംവരെ ക്ഷേത്രപരിസരത്ത് താമസിച്ചിരുന്നതും ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന എണ്ണതേച്ചുള്ള മുങ്ങിക്കുളിയുമെല്ലാം ഇന്നലെയെന്നപോലെ ഓർത്തെടുക്കുക്കുകയാണ് ഇവർ..
പണ്ടത്തേതിനേക്കാൾ എല്ലാം കൊണ്ട് ഇപ്പോൾ നല്ല സൗകര്യങ്ങൾ ആയെന്നും ഇവർ പറയുന്നു. അതേസമയം വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ല.ഒപ്പം മറ്റൊരു കളിയാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ അത് മഹാഭാഗ്യമായാണ് ഇവർ കരുതുന്നത്.