കേന്ദ്ര സർക്കാർ തീരദേശ നിയന്ത്രണ നിയമത്തിൽ ഇളവ് വരുത്തിയത് മാട്ടുൽ പഞ്ചായത്തിന് ഗുണം ചെയ്തേക്കുമെന്ന് അധികൃതർ
പഴയങ്ങാടി: തീരദേശ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ പുറത്തിറത്തിയ വിജ്ഞാപനം മാട്ടൂലിന്റെ വികസന മുന്നേറ്റത്തിന് വഴിതുറക്കും. സിആർഇസെഡ്-3ൽ നിന്ന് സിആർ ഇസെഡ്-2ലേക്ക് മാറുന്ന മാട്ടൂൽ പഞ്ചായത്ത് വലിയ വികസനമാണ് പ്രതീക്ഷിക്കുന്നത്. നിയന്ത്രണത്തിലെ ഇളവോടെ പൂവണിയുന്നത് പഞ്ചായത്തിലെ ജനങ്ങളുടെ വലിയ സ്വപ്‌നമാണ്.
നിലവിലെ ഭരണസമിതിയും കഴിഞ്ഞ കാല ഭരണസമിതികളും ഇളവുകൾ ലഭിക്കുന്നതിന് വലിയ പരിശ്രമങ്ങളാണ് നടത്തിയത്. താൽക്കാലിക നമ്പർ ലഭിച്ച വീടുകൾക്കും സ്ഥിര നമ്പർ ലഭിച്ചിട്ടും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്കും തീരദേശത്ത് വീട് നിർമിക്കാൻ തടസങ്ങൾ ഒഴിവായി കിട്ടും. 2011ലെ വിജ്ഞാപന പ്രകാരം മാട്ടൂൽ പഞ്ചായത്തിൽ നിയന്ത്രണ പരിധി മേഖലയായി നിശ്ചയിച്ചത് 200 മീറ്ററാണ്.
സിആർഇസെഡ്-3ൽ നിന്ന് സി ആർഇസെഡ്-2 ലേക്ക് മാറുന്നതോടെ നഗര പ്രദേശങ്ങളിൽ ലഭിക്കുന്ന ഇളവുകൾ ലഭിക്കും. 1996ൽ നിലവിലെ കെട്ടിടത്തിന്റെ അതേ കെട്ടിട ഗണത്തിലോ അല്ലെങ്കിൽ 1996ൽ വിഞ്ജാപനം ചെയ്ത് റോഡിന്റെ കരഭാഗത്തേക്കും കടലിൽ നിന്ന് ദൂരം പരിഗണിക്കാതെ തന്നെ നിർമാണ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.