തളിപ്പറമ്പ് പുതിയ ദേശീയപാതയിലെ അശാസ്ത്രീയമായ അടിപ്പാത നിര്‍മാണം : വലിയ വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ സൗകര്യമൊരുക്കുമെന്ന് വ്യാപാരികൾക്ക് ദേശീയപാത അധികൃതരുടെ ഉറപ്പ്
തളിപ്പറമ്പ: തളിപ്പറമ്പ് കുറ്റിക്കോലിലും കുപ്പത്തും പുതിയ ദേശീയപാതയിൽ നിന്നും വലിയ വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ സൗകര്യമൊരുക്കുമെന്ന് വ്യാപാരികൾക്ക് ദേശീയപാത അധികൃതരുടെ ഉറപ്പ്. ഉയരം കുറഞ്ഞ അടിപ്പാത വഴിയാണ് ആദ്യം ഇരു സ്ഥലങ്ങളിലും സർവ്വീസ് റോഡിലേക്ക് പ്രവേശനം ഒരുക്കിയിരുന്നത്.
ഇതു വഴി കണ്ടൈനർ ലോറികൾക്ക് കടന്നു പോകാൻ സാധിക്കത്തത് വ്യാപാര, നിർമ്മാണ മേഖലകൾ ഉൾപ്പെടെ പ്രതിസന്ധിയിലാകുമെന്ന ആശങ്കയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്ത നല്കീരുന്നു ഇത് ശ്രദ്ധയിൽപ്പെട്ടാണ് തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ നിർണ്ണായകമായ ഇടപെടൽ നടത്തി പരിഹാരമുണ്ടാക്കിയത്.
പുതിയ ആറുവരി ദേശീയപാത സർവ്വീസ് റോഡിൽ നിന്നും തളിപ്പറമ്പിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനായി നിർമ്മിക്കുന്ന അടിപ്പാതകളുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരമുണ്ടാക്കാൻ പ്ലാനിൽ മാറ്റം വരുത്തിയതായി ദേശീയപാതാ അധികൃതർ തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ നേതാക്കൾക്കളെ അറിയിച്ചു.
അശാസ്ത്രീയമായി നിർമ്മിക്കുന്ന അടിപ്പാതകളിൽ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നതും വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത വിധത്തിലുമുള്ള നിർമ്മാണം വാണിജ്യ നിർമ്മാണ മേഖലകൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നുമുള്ള ആശങ്കയുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ണൂർ വിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടാണ് തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ അടിപ്പാത നിർമ്മിക്കുന്ന സ്ഥലം സന്ദർശിക്കുകയും നിർമ്മാണ പ്രവർത്തിയുടെ ചുമതലപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തത്. ആറുവരി ദേശീയപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് കുപ്പത്തും കുറ്റിക്കോലിലും നിർമ്മിക്കുന്ന അടിപ്പാത വഴിമാത്രമേ വാഹനങ്ങൾക്ക് തളിപ്പറമ്പിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളുവെന്നാണ് ആദ്യ ഘട്ടത്തിൽ ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്.
മഴക്കാലത്ത് സാധാരണ നിലയിൽ മൂന്ന് മീറ്ററിലേറെ ഉയരത്തിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്ന സ്ഥലത്ത് 2 മീറ്ററോളം താഴ്ത്തി നിർമ്മിക്കുന്ന അടിപ്പാതയിൽ വലിയ രീതിയിൽ വെള്ളക്കെട്ട് അനുഭവപ്പെടും. 12 മീറ്റർ വീതിയിലും 4.1 മീറ്റർ ഉയരത്തിലും നിർമിക്കുന്ന അടിപ്പാത വഴി ബസുകൾക്ക് കടന്നു പോകാനാകുമെങ്കിലും കണ്ടൈനർ ലോറികൾക്കും മറ്റ് ചരക്കുവാഹനങ്ങൾക്കും സാധിക്കില്ല. ഇത് തളിപ്പറമ്പ് നഗരത്തിൻ്റെയും മലയോര മേഖലയുടെയും വികസനം മുരടിക്കുന്നതിന് ഇടയാക്കു മെന്നുമാണ് പ്രധാന ആശങ്കകൾ. ഇവയുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ വച്ച് ദേശീയപാതാ പ്രവർത്തിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ നേരിൽ കണ്ട് ആശങ്കകളുമായി തളിപ്പറമ്പ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എസ് റിയാസും ജന.സെക്രട്ടറി വി. താജുദ്ദീനും നേരിൽ കണ്ടപ്പോഴാണ് പ്ലാനിൽ മാറ്റം വരുത്തിയതായി അറിയിച്ചത്.
പുതിയ പ്ലാൻ പ്രകാരം മംഗളൂരുവിൽ നിന്നും വരുന്ന കണ്ടൈനർ ഉൾപ്പെടെയുള്ള ചരക്കു വാഹനങ്ങൾക്ക് നേരിട്ട് സർവ്വീസ് റോഡിലേക്ക് പ്രവേശിക്കാൻ കുപ്പത്ത് റാംപ് നിർമ്മിക്കും. കുറ്റിക്കോലിൽ കണ്ണൂർ ഭാഗത്ത് നിന്നും ദേശീയപാത വഴി വരുന്ന ചരക്കു വാഹനങ്ങൾ ജംഗ്ഷൻ വഴി റൗണ്ട് റാംപ് നിർമ്മിച്ച് തളിപ്പറമ്പിലേക്ക് നിലവിലുള്ള പാതയിലേക്ക് കടത്തിവിടും.
സാധാരണ വാഹനങ്ങൾ പുതിയ പാലത്തിലൂടെ അടിപ്പാത വഴി നിലവിലുള്ള റോഡ് വഴിയും തളിപ്പറമ്പിലേക്ക് പ്രവേശിക്കാൻ സാധിക്കും. അടിപ്പാതകളിൽ വലിയ പ്രളയം ഉണ്ടായാൽ മാത്രമേ വെള്ളക്കെട്ടിന് സാധ്യതയുള്ളുവെന്നും പ്രവർത്തി നടക്കുമ്പോൾ പല സ്ഥലത്തും അനുഭവപ്പെടുന്ന വെള്ളക്കെട്ടുകൾ പ്രവർത്തി പൂർത്തിയാകുന്നതോടെ ഇല്ലാതാകുമെന്നും ദേശീയപാത നിർമ്മാണ പ്രവർത്തിക്ക് മേൽനോട്ടം വഹിക്കുന്ന ലാസ ടീം ലീഡർ ജെ.എസ് തിവാരിയും, മനോജ് കുമാറും ഉറപ്പു നൽകി.
വ്യാപാരികളുടെയും ജനങ്ങളുടെയും ആശങ്കകൾ കേട്ടശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി പുതിയ പ്ലാൻ തയ്യാറാക്കിയതായുള്ള ദേശീയപാതയുമായി ബന്ധപ്പെട്ടവരുടെ ഉറപ്പ് ആശ്വാസം പകരുന്നതാണെന്ന് തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എസ് റിയാസും ജനറൽ സെക്രട്ടറി വി. താജുദ്ദീനും പറഞ്ഞു.