പൂര്‍വ്വ സൈനിക സേവാപരിഷത്ത് ദേശീയ ജനറല്‍ ബോഡി യോഗം കൊടിമര ജാഥയ്ക്ക് സ്വീകരണം നൽകി
കണ്ണൂര്‍: അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് ഓള്‍ ഇന്ത്യ ജനറല്‍ബോഡി മീറ്റിംഗിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി കെ.പി. അജിത്കുമാര്‍ ക്യാപ്റ്റനായ കൊടിമര ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം. വ്യാഴാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് നായാട്ടുപാറ കൊടോളിപ്രത്തെ വീരബലിദാനി നായക്ക് രതീഷിന്റെ സ്മൃതികുടീരത്തില്‍ നിന്നാരംഭിച്ച ചടങ്ങില്‍ അദ്ദേഹത്തിന്റെ അമ്മ ഓമന ജാഥാ ക്യാപ്റ്റന് കൊടിമരം കൈമാറി.
കൂടാളി, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം മേലെചൊവ്വ, കാള്‍ടെക്‌സ്, പഴയ ബസ്സ്റ്റാന്‍ഡ്, മുനീശ്വരന്‍ കോവില്‍, വിളക്കുംതറ വഴി കൊടിമര ജാഥ സമ്മേളനവേദിയില്‍ സമാപിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി. രഘുനാഥും സംസ്ഥാന ജനറല്‍ സെക്രട്ടറി മധുവട്ടവിളയും സമ്മേളന നഗരിയില്‍ കൊടിമരം ഏറ്റ് വാങ്ങി.
പൂര്‍വ്വസൈനിക സേവാപരിഷത്ത് തലശ്ശേരി താലൂക്ക് പ്രസിഡന്റ് ഇ.കെ. മോഹനന്റെ നേതൃത്വത്തില്‍ കൊടോളിപ്രത്തെ നായക്ക് രതീഷിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് ഓമനയെ ജാഥാ ക്യാപ്റ്റന്‍ അജിത്കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തലശ്ശേരി താലൂക്ക് രക്ഷാധികാരി മോഹനന്‍ നായാട്ടുപാറ, ജനറല്‍ സെക്രട്ടറി ധനേഷ് തെരൂര്‍, ജില്ലാ കമ്മറ്റിയംഗം പി. രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ശനിയാഴ്ച്ച രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ യുദ്ധസ്മാരകത്തില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. കേണല്‍ എം.കെ. ഗോവിന്ദന്‍ ദീപശിഖ കൈമാറും. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ സമ്മേളന നഗരിയില്‍ ദീപശിഖ ഏറ്റുവാങ്ങും. 8.30ന് പതാക ഉയര്‍ത്തല്‍. 10 മണിക്ക് കോര്‍ കമ്മറ്റി മീറ്റിംഗ്.
വൈകുന്നേരം മൂന്ന്മണിക്ക് മാനേജ്‌മെന്റ് കമ്മറ്റി മീറ്റിംഗ് എന്നിവയുണ്ടാകും. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന രണ്ടാമത് സെഷനില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഡിസംബര്‍ 1ന് രാവിലെ 11 മണിക്ക് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.