വളപട്ടണം എസ്. ഐയെ ടിപ്പര്‍ലോറിയിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
കണ്ണൂർ /പാപ്പിനിശേരി: കഴിഞ്ഞ മാസം പുലര്‍ച്ചെ മണല്‍ക്കടത്ത് തടയാനെത്തിയ പൊലിസ് ഉദ്യോഗസ്ഥരെ മണല്‍മാഫിയ ടിപ്പര്‍ ലോറി ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ വളപട്ടണം പൊലിസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതിയായ പാപ്പിനിശേരിയിലെ കെ.പി മുഹമ്മദ് ജാസിഫിനെയാണ് (38)വളപട്ടണം പൊലിസ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ പാപ്പിനിശേരിയിലെ വീടുവളഞ്ഞ് പിടികൂടിയത്. സംഭവത്തില്‍ പ്രതികളെ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം വളപട്ടണം പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ ജൂലായ് മാസം 25-ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാപ്പിനിശേരിയിലെ പാറക്കടവില്‍ നിന്നും പൊലിസിനെതിരെ വധശ്രമമുണ്ടായത്. പാപ്പിനിശേരി മേഖലയിലെ വിവിധ കടവുകളില്‍ നിന്നും മണല്‍കടത്തിന് നേതൃത്വം നല്‍കുന്നയാളാണ് മുഹമ്മദ് ജാസിഫ്. മണല്‍കടത്ത് പിടികൂടാനെത്തിയ വളപട്ടണം എസ്. ഐ ടി. എം വിപിന്‍, സി.പി.ഒ കിരണ്‍ എന്നിവരെയാണ് മണല്‍ ലോറി ഇടിച്ചു
കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂട്ടറില്‍ വേഷം മാറി മണല്‍ കടത്ത് പിടികൂടാനെത്തിയ എസ്. ഐയെയും പൊലിസുകാരനെയും തിരിച്ചറിഞ്ഞ ജാസിഫ് മണല്‍ കടത്ത് സംഘത്തിന് നേതൃത്വം നല്‍കിയ ജാസിഫ് ഇടിച്ചു കൊല്ലിനെടാ രണ്ടിനെയുമെന്ന് ആക്രോശിച്ചു കൊണ്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതോടെ ടിപ്പര്‍ലോറി ഡ്രൈവര്‍ പൊലിസുകാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറി കൊണ്ടു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് പൊലിസുകാര്‍ ജീവന്‍ കൊണ്ടു രക്ഷപ്പെട്ടത്. വധശ്രമത്തില്‍ പരുക്കേറ്റ പൊലിസുകാര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്‌സ തേടിയിരുന്നു.
ഇടിച്ച വാഹനവുമായി രക്ഷപ്പെട്ട മണല്‍കടത്തുകാരെ പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റു ചെയ്തു. മണല്‍കടത്തുകാരന്‍ റസാഖിനെയും ലോറി ഡ്രൈവറെയുമാണ് വളപട്ടണം പൊലിസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.