കണ്ണൂരിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന കേസിൽ അറസ്റ്റിലായ സംഘത്തലവന് കൊലക്കേസ് പ്രതികളുമായി ബന്ധം


കണ്ണൂർ: അപകടമുണ്ടാക്കിയും തട്ടിക്കൊണ്ടുപോയും വാഹന യാത്രക്കാരെ കൊള്ളയടിക്കുന്ന കേസിൽ കണ്ണൂരിൽ പിടിയിലായ സംഘത്തലവന് കൊലപാതക കേസിലെ പ്രതികളുമായി ബന്ധമെന്ന് ആരോപണം. ധനേഷ് വധക്കേസിൽ പ്രതിയായി ജയിലിൽ കിടന്ന യുവാവ് മുഴത്തടത്ത് ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് എത്തിയിരുന്നതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ ഇവിടെ എത്തിയിരുന്നതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.
കൊറ്റാളി അത്താഴക്കുന്ന് സ്വദേശി കെ. മജീഫിനെയാണ് മയ്യിൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി. സി സഞ്ജയ്, എസ്ഐ പ്രശോഭ് എന്നിവരും കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്. ഒളിവിൽ കഴിഞ്ഞു വന്ന പ്രതി രക്ഷപ്പെടുന്നതിനിടെയാണ് സാഹസികമായി പിടികൂടിയത്. കണ്ണൂർ മുഴത്തടത്തെ ഒരു മുറിയിൽ പ്രതി ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ ആസൂത്രിക നീക്കത്തിലാണ് ഇയാളെ പിടികൂടുന്നത്.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പിടികൂടിയത്. ചേലേരിയിലും ചക്കരക്കല്ലിലും വാഹനാപകടങ്ങൾ സൃഷ്ടിച്ച് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിലും കഴിഞ്ഞ 28ന് കക്കാട് സ്വദേശി അൻസീബിനെ ബൈക്ക് തടഞ്ഞ് നിർത്തി കാറിടിച്ച് അക്രമിച്ച കേസിലെയും പ്രതിയാണ്.

സാമാന രീതിയിൽ മറ്റിടങ്ങളിലും കൊള്ള നടത്തിയിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. അന്വേഷ സംഘത്തിൽ എസ്ഐമാരായ അജയൻ, ഷാജി, സീനിയർ സിപിഒ മാരായ സ്നേഹേഷ്, സാദിഖ്, സിപിഒമാരായ വിനീത്, വിജിൽമോൻ എന്നിവരും ഉണ്ടായിരുന്നു