പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് അവസാന നാടകം; വനിതാമെസ്സിലൂടെ നിറഞ്ഞാടി അഞ്ജലിയുടെയും ജെസിയുടെയും മടക്കം

A mini bus carrying a drama troupe overturned in an accident in Kelakam
A mini bus carrying a drama troupe overturned in an accident in Kelakam

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കേളകത്തെ വാഹനാപകടത്തിൽ രണ്ട് നാടകകലാകാരികൾ മരണമടഞ്ഞത് സാംസ്കാരിക ലോകത്തിന് ദുഃഖമായി മാറി. അപകടത്തിൽ മരിച്ച രണ്ട് നാടക നടിമാരുടെ കുടുംബത്തിന് സാംസ്കാരിക വകുപ്പ് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാൽലക്ഷം രൂപവീതം മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി നൽകുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

കായങ്കുളം സ്വദേശിനി അഞ്ജലി ഉല്ലാസ് (32), കരുനാഗപ്പള്ളി സ്വദേശിനി ജെസി മോഹൻ ( 57) എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം അനുവദിച്ചത്. അപകടത്തിൽ പരുക്കേറ്റ 12 പേരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം കണ്ണൂർ കലക്ടർ  അരുൺ കെ വിജയന് നൽകിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി കലാകാരികളുടെ വിയോഗത്തിൽ അനുശോചിച്ചു.

കേളകത്തിനടുത്ത് മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് അഭിനേത്രികൾ മരിച്ചത്. പരുക്കേറ്റ പന്ത്രണ്ടു പേരെ കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഡ്രൈവർ ഉമേഷിൻ്റെ പരുക്ക് അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച്ച പുലർച്ചെ നാലു മണിക്കാണ് അപകടം.

A mini bus carrying a drama troupe overturned in an accident in Kelakam

മരിച്ച അഞ്ജലി ,ജെസി എന്നിവരുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം ആംബുലൻസിൽ സ്വദേശത്തേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച്ച രാത്രി പതിനൊന്നരയോടെ  നാടകം കഴിഞ്ഞ് കടന്നപള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോയ കായങ്കുളം ദേവ് കമ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന വനിതാ മെസ് എന്ന നാടകസംഘത്തിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

നെടുംപൊയിൽ വഴി വയനാട്ടിലേക്കുള്ള റോഡ് ബ്ലോക്കായതു കണ്ട് തിരിച്ചു ഗൂഗിൾ മാപ്പ് നോക്കി കേളകത്തേക്ക് വരവെ മലയാംപടി വളവിൽ വെച്ചു വാഹനം നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. വയനാട്ടിലെ ബത്തേരിയിലേക്ക് പോകവെ നെടുംപൊയിൽ മാനന്തവാടി റോഡിൽ പേര്യ ചുരത്തിൽ എത്തിയപ്പോൾ വഴി ബ്ളോക്കാണെന്ന് അറിത്ത് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയായ കേളകത്തേക്ക് പോയത്.

ഒരു കിലോമീറ്ററുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി മലയാം പടിയിലെത്തിയ ശേഷം ചെറിയ ഇറക്കത്തിലെ വളവിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിൻ്റെ മുൻ സീറ്റിലിരുന്നവരാണ് മരിച്ചത്. താഴെയുള്ള കുഴിയിലേക്ക് മുൻഭാഗം കുത്തി വീണ് വാഹനം ചെറിയൊരു മരത്തിൽ തങ്ങിയാണ് നിന്നത്. തൊട്ടുതാഴെ ആടുകാലിൽ വർക്കിയെന്നയാളുടെ വീടാണ്.

ദേവാ കമ്യുണിക്കേഷൻ്റെ നാടക പ്രവർത്തകരായ എറണാകുളം  സ്വദേശികളായ ഉമേഷ് (39), ബിന്ദു (56),സുരേഷ് (60), വിജയകുമാർ (52) ,കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ (43) ,കായങ്കുളം സ്വദേശികളായ ഉണ്ണി (51),ഷിബു (48) ,കൊല്ലം സ്വദേശി ശ്യം (38) ,അതിരുങ്കൽ സ്വദേശി സുഭാഷ് (59) എന്നിവരെയാണ് കണ്ണുരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബസിലെ മുഴുവൻ യാത്രക്കാർക്കും പരുക്കുണ്ട്. കായങ്കുളം സ്വദേശിയും ഡ്രൈവറുമായ ഉമേഷിൻ്റെ നില അതീവഗുരുതരമാണ് പരുക്കേറ്റവരെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. പയ്യന്നൂരിനടുത്തെ കടന്നപ്പള്ളി തെക്കെക്കരയിൽ വ്യാഴാഴ്ച്ച രാത്രി അഞ്ജലിയും ജെസി മോഹനനും നാടകവേദിയിൽ ആടിത്തിമിർത്തത് തങ്ങളുടെ ജീവിതത്തിലെ അവസാന വേഷങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല.

Two people were killed when a mini bus carrying a drama troupe overturned in Kelaka

വ്യാഴാഴ്ച്ച രാത്രി കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിൻ്റെ നാടകോത്സവത്തിൽ വനിതാ മെസ് എന്ന നാടകത്തിൽ ഇരുവരും സദസിനെ ആർത്തുചിരിപ്പിച്ചിരുന്നു. രാത്രി 7.30നാണ് തെക്കെക്കരയിൽ നാടകം തുടങ്ങിയത്. പത്തുമണിയോടെ അവസാനിച്ച നാടകത്തിന് ശേഷം സംഘാടകർ നൽകിയ ഭക്ഷണവും കഴിച്ചാണ് പതിനൊന്നരയോടെ നാടക സംഘം വെള്ളിയാഴ്ച്ച നാടകം അവതരിപ്പിക്കേണ്ട സുൽത്താൻബത്തേരിയിലേക്ക് തിരിച്ചത്.

വൻ ജനാവലിയാണ് കായങ്കുളം ദേവ കമ്യുണിക്കേഷൻസ് അവതരിപ്പിച്ച നാടകം കാണാനായി തെക്കെക്കരയിലെത്തിയത്. രാജീവൻ മമ്മിളി സംവിധാനം ചെയ്ത ഈ നാടകം കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു. വന്ദിതാ ശാക്തീകരണവും പുരുഷ മേധാവിത്വവും തമ്മിലുള്ള ഏറ്റുമുട്ടലുകളും സഹിക്കാനും പൊറുക്കാനുള്ളവയുമാണ് കുടുംബ ബന്ധങ്ങൾ എന്ന ആശയം വിളംബരം ചെയ്യുന്നതായിരുന്നു. ഒന്നിച്ചു ജീവിക്കുന്നവർ വേർപിരിയേണ്ടത് മരണത്തിലൂടെ മാത്രമാണ് എന്ന സന്ദേശം നൽകിയാണ് വനിതാ മെസ് നാടകം അവസാനിക്കുന്നത്.

കേളകം മലയാം പാടിയിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം വഴിയെ കുറിച്ച് യാതൊരു പരിചയമില്ലാത്തതും രാത്രി ഏറെ വൈകിയുള്ളയാത്രയുമാണ്. നിടുംപൊയിൽ -പേര്യ ചുരം വഴിയുള്ള യാത്ര റോഡിൽ ഗർത്തങ്ങൾ ഉണ്ടായതിനെ തുടർന്ന് നിരോധിച്ചതിനാൽ ബോയ്സ് ടൗൺ വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോയിരുന്നത്.

കടന്ന പള്ളിയിലെ നാടകാവതരണത്തിന് ശേഷം നാടകസംഘം രാത്രി പതിനൊന്നരയോടെയാണ് വെള്ളിയാഴ്ച്ച രാത്രി നാടകം അവതരിപ്പിക്കേണ്ട സുൽത്താൻബത്തേരിയിലേക്ക് പുറപ്പെട്ടത്. ഏലപ്പീടിക വഴി ചെറു വാഹനങ്ങൾക്ക് മാത്രം പോകാനാവുന്ന മറ്റൊരു റോഡിലുടെ എത്താനാണ് ഇവർ ശ്രമിച്ചത്. ഗൂഗിൾ മാപ്പ് പറഞ്ഞു കൊടുത്ത എളുപ്പവഴിയായിരുന്നു ഇത്. ഇതാകട്ടെ ദുരന്തത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.

ആഴമുള്ള താഴ്ച്ചയിലേക്കാണ് നിയന്ത്രണം വിട്ട ബസ് മൂക്കുകുത്തി വീണത്. മുൻ സീറ്റിലിരിക്കുകയായിരുന്ന അഞ്ജലിയും ജെസി മോഹനനുമാണ് മരിച്ചത്. വേദിയിൽ നിന്ന് വേദിയിലേക്കുള്ള നാടക അവതരണത്തിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവർ കുടുംബം നോക്കിയിരുന്നത്. ആകെ ബസിൽ മൂന്ന് നടിമാരാണ് ഉണ്ടായിരുന്നത്. മരണപ്പെട്ട അഞ്ജലിക്ക് ഒരു കുഞ്ഞുമുണ്ട്. ജെ സി യുടെ ഭർത്താവ് ഒരു വർഷം മുൻപാണ് അസുഖ ബാധിതനായി മരിച്ചത്. രണ്ടു കുടുംബത്തിനും തീരാ നഷ്ടമായിരിക്കുകയാണ് കലാകാരികളുടെ വിയോഗം.

നാടക പ്രവർത്തകർ തമ്മിലുള്ള കൂട്ടായ്മയും ഐക്യവുമുള്ള സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ട്രൂപ്പുകളിലൊന്നാണ് കായങ്കുളം ദേവ കമ്യൂണിക്കേഷൻസ്. സീസണിൽ കേരളത്തിലെ വിവിധ വേദികളിൽ ഇവർ നാടകങ്ങൾ അവതരിപ്പിക്കാറുണ്ട്. നാടകത്തിൻ്റെ സ്വന്തം മണ്ണായ വടക്കെമലബാറിലായിരുന്നു അവതരണങ്ങളിൽ ഏറെയും.