തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയെന്ന പരാതിയിലെ പ്രതി അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂർ കാങ്കോൽ പപ്പാരട്ടയിൽ നിന്നും നാടോടിയുടെ ഏഴ് മാസം പ്രായമായ കുട്ടിയെ ഗുഡ്സ് ഓട്ടോയിൽ തട്ടികൊണ്ടു പോയി മണിക്കൂറോളം പോലീസിനെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയ പ്രതി പിടിയിൽ. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന കറുപ്പ് സ്വാമി (58) യെയാണ് പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ മെൽബിൻജോസ് ചന്തേര പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.
ശനിയാഴ്ച്ചരാവിലെ 10.45 മണിയോടെ പെരിങ്ങോം സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.പപ്പാരട്ടയിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശികളായഈശ്വരി – പ്രതാപൻ ദമ്പതികളുടെ ഏഴുമാസം പ്രായമായ പ്രജുനെയാണ് തട്ടിക്കൊണ്ടുപോയത് .ഓണക്കുന്ന് വഴി തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ ക്വാട്ടേർസിലേക്കാണ് കുഞ്ഞിനെ പ്രതി തട്ടികൊണ്ടുപോയത്.
ഇയാൾ മദ്യലഹരിയിൽ കുഞ്ഞിനെ മടിയിലിരുത്തി തട്ടികൊണ്ടു പോകുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പോലീസ് ഓട്ടോ ഡ്രൈവറെയും കുഞ്ഞിനെയും തൃക്കരിപ്പൂരിൽ വെച്ച് പിടികൂടി. മദ്യലഹരിയിലായിരുന്ന ഇയാൾ തൃക്കരിപ്പൂരിലെ ബന്ധുവിന് കുഞ്ഞിനെ കാണിക്കുവാൻ കൊണ്ടുപോയതാണെന്ന് പോലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്.