ഡോ. ഖലീൽ ചൊവ്വയ്ക്ക് താമരത്തോണി സാഹിത്യ പുരസ്കാരം
Oct 26, 2024, 13:41 IST
കണ്ണൂർ: മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ, തിരുവനന്തപുരം ഏർപ്പെടുത്തിയ താമരത്തോണി സാഹിത്യപുരസ്ക്കാരത്തിന് ശാസ്ത്രസാഹിത്യ വിഭാഗത്തിൽ ഡോ. ഖലീൽ ചൊവ്വയുടെ 'നാട്ടുപക്ഷികൾ' എന്ന പുസ്തകം അർഹത നേടി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മലബാറിലെ കണ്ടൽക്കാടുകളുടെ സേവനമൂല്യം, കരിമ്പം ജൈവകേന്ദ്രത്തിലെ സസ്യ വൈവിധ്യം, കണ്ണൂർ സർവ്വകലാശാല കാമ്പസിലെ പക്ഷികൾ എന്നീ പുസ്തകങ്ങളും ഡോ. ഖലീൽ രചിച്ചിട്ടുണ്ട്.
മഹാകവി പി. യുടെ ജന്മദിനമായ ഒക്ടോബർ 27 ന് അദ്ദേഹത്തിൻറെ തട്ടകമായിരുന്ന കൂടാളിയിൽ വെച്ച് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ പുരസ്കാരം വിതരണം ചെയ്യും. ഇതു കൂടാതെ കഥ, കവിത തുടങ്ങി വിവിധ വിഭാഗങ്ങളിലും ഫൗണ്ടേഷൻ വക പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.