പട്ടാപകൽ തളിപ്പറമ്പ നഗരമധ്യത്തിൽ കാൽ നടയാത്രകാരിയുടെ സ്വർണമാല സ്കൂട്ടർ യാത്രികൻ പൊട്ടിച്ച് കടന്നു

google news
thaliparamb

തളിപ്പറമ്പ : പട്ടാപകൽ നഗരമധ്യത്തിൽ കാൽ നടയാത്രകാരിയുടെ രണ്ട് പവന്റെ സ്വർണമാല സ്കൂട്ടർ യാത്രികൻ പിടിച്ചുപറിച്ചു. തളിപ്പറമ്പ ടൗണിൽ ഷോപ്രിക്സ് മാളിന് സമീപത്തെ റോഡിലാണ് സംഭവം. മഴൂർ സ്വദേശിനി കാടൻ വീട്ടിൽ സൗമ്യ(37)യാണ് കൊള്ളയ്ക്കിരയായത്.

ഷോപ്രിക്സിന് സമീപം ഓറോ ഗോൾഡിനരികിലൂടെ മാർക്കറ്റ് പ്ലയിസിന്റെ  പിറകുവശത്തെത്തുന്ന റോഡിലായിരുന്നു സ്കൂട്ടറിലെത്തി മാല പൊട്ടിക്കൽ. മാർക്കറ്റ് പ്ലയിസിലെ അക്വീനർ ബ്യൂട്ടിക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് സൗമ്യ. രാവിലെ 8:50 ഓടെ ബസ്സിറങ്ങി ജോലിസ്ഥലത്തേക്ക് നടന്നു പോകവേ ആക്ടീവ സ്കൂട്ടറിലെത്തിയ ഹെൽമെറ്റ് ധരിച്ച ആളാണ് മാല പൊട്ടിച്ചത്.

കാക്കാത്തോട് റോഡിലേക്ക് ഓടിച്ചു പോയ ഇയാൾ 50 മീറ്റർ കഴിഞ്ഞ് മടങ്ങിച്ചെന്ന് സന്തോഷിന്റെ വീട് എവിടെ എന്ന് സൗമ്യയുടെ ചോദിക്കുകയായിരുന്നു .അറിയില്ലെന്ന് പറഞ്ഞുതീരുംമുമ്പ് മാല ഇയാൾ പൊട്ടിച്ചെടുത്തിരുന്നു.

 സ്കൂട്ടറിലെ രക്ഷപ്പെട്ട ആളെ പിടികൂടാൻ മാർക്കറ്റ് പ്ലയിസ് സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ ഓടിയെത്തിയെങ്കിലും കിട്ടിയില്ല. യുവതി ഷോപ്രിക്സിന് മുന്നിൽ ബസ് ഇറങ്ങുന്നതും നടന്നു പോകുന്നതും നിരീക്ഷിച്ച് സ്കൂട്ടർ യാത്രികൻ സമീപത്തു നിൽക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ഇയാളെ  കണ്ടെത്താനാവശ്യമായ കൂടുതൽ അന്വേഷണം പോലീസ് നടത്തിവരികയാണ്. എസ്ഐമാരായ സുരേഷ്, രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഓറോ ഗോൾഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരികയാണ്.

Tags