മാലിന്യ സംസ്കരണ രംഗത്തെ മികച്ച പ്രവർത്തനം; തളിപ്പറമ്പ് നഗരസഭയ്ക്ക് ഒഡിഎഫ് പ്ലസ് പദവി

google news
nagarasabha press

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയ്ക്ക് ഒഡിഎഫ് പ്ലസ് പദവി ലഭിച്ചു. ശുചിത്വ - മാലിന്യ സംസ്കരണ രംഗത്ത് നഗരസഭയുടെ ശുചീകരണ വിഭാഗം തൊഴിലാളികളുടെയും ഹരിതകർമ സേനയുടെയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നഗരസഭയെ നേട്ടത്തിന് അർഹമാക്കിയത്. സ്വച്ഛ് ഭാരത് മിഷൻ (അർബൻ 2.0) പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന നഗരസഭകളുടെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലിലാണ് തളിപ്പറമ്പ് നഗരസഭയ്ക്ക് ഒഡിഎഫ് പ്ലസ് പദവി ലഭിച്ചത്.

'നെല്ലിക്ക' എന്ന മൊബൈൽ ആപ്പിലൂടെ മാലിന്യ ശേഖരണത്തിലെ കൃത്യത, മറ്റു മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയും  കൂടാതെ മാലിന്യ ശേഖരണത്തിൻ്റെ തീയതി, ശേഖരിക്കുന്ന ഐറ്റം എന്നിവ മുൻകൂട്ടി ജനങ്ങളെ അറിയിച്ചും , മുഴുവൻ സമയ കസ്റ്റമർ സർവീസ് ലഭ്യമാകുന്നതിലൂടെ ഉപഭോക്താവിന്റെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ ഹരിത കർമ സേനയ്ക്ക് കഴിയുന്നു. ഇത് മാലിന്യ ശേഖരണം കൂടുതൽ സുഗമമാകുന്നുണ്ട് . 

ദീർഘ വീക്ഷണത്തോടെ കൂടി ടെക്നോളജിയുടെ സഹായത്തോടെ അജൈവ മാലിന്യ ശേഖരണം,സംസ്കരണം, പൊതുയിട ശുചീകരണം, ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരണം എന്നി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താൻ തളിപ്പറമ്പ നഗരസഭയ്ക്ക് കഴിയുന്നുണ്ട്. ടോയ്ലറ്റുകളുടെ ഉപയോഗം, വൃത്തി , ടോയ്ലറ്റുകളുടെ സസ്റ്റൈനബിലിറ്റി എന്നിവയും ഒ ഡി എഫ് പ്ലസിന് പ്രധാന മാനദണ്ഡമാണ്. 

നഗരസഭ ഹെൽത്ത് വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾക്ക് കൗൺസിൽമാരുടെയും മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉള്ളതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും തുടർന്നും മാലിന്യ മുക്തമാക്കാൻ നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ പറഞ്ഞു.   

തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ നബീസ ബീവി, എം.കെ ഷബിത, പി റജില, പി.മുഹമ്മദ് നിസാർ, സെക്രട്ടറി കെ.പി സുബൈർ, ക്ലീൻ സിറ്റി മാനേജർ എ.പി രജ്ജിത്ത് കുമാർ തുടങ്ങിയവരും പങ്കെടുത്തു.