തളിപ്പറമ്പ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ ഭക്ഷണപ്രേമികളുടെ മനം കവർന്ന് 'പാതിരാക്കോഴി'

google news
paathirakkozhi

ധർമ്മശാല: പേരിലും രുചിയിലും വൈവിധ്യം നിറഞ്ഞ 'പാതിരാക്കോഴി'യാണ് തളിപ്പറമ്പ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഫുഡ് കോർട്ടിലെ ഇപ്പോഴത്തെ താരം. നിരവധിപ്പേരാണ് പേരിലും രുചിയിലും വൈവിധ്യം പുലർത്തുന്ന ഈ വിഭവം തേടി ഫുഡ് കോർട്ടിലെ കഫെ കുടുംബശ്രീയുടെ സ്റ്റാളിലേക്കെത്തുന്നത്.  

കോഴിയിറച്ചിയിൽ കാന്താരി, പച്ചക്കുരുമുളക് , മല്ലിയില ,പുതിനയില, പാലക്ക് , കശുവണ്ടി ,ഉണക്ക നാരങ്ങാ തുടങ്ങിയവ ചേർത്തു തയ്യാറാക്കുന്ന സ്വാദിഷ്ടമായ വിഭവമാണ് പാതിരാക്കോഴി. ഏലയ്ക്ക ഗ്രാമ്പൂ, പട്ട തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഒന്നും ചേർക്കുന്നില്ലെങ്കിലും സ്വാദിന്റെ കാര്യത്തിൽ മറ്റു വിഭവങ്ങളെക്കാൾ ഒരു പടി മുന്നിലാണ് പാതിരാക്കോഴിയുടെ സ്ഥാനം. 

ആവിയിൽ വേവിച്ചെടുക്കുന്ന പ്രത്യേക വിഭവമായ നിറപിരിയ്ക്കും ദോശയ്ക്കുമൊപ്പമാണ് പാതിരാക്കോഴി ലഭിക്കുക. ഒപ്പം അൽപ്പം സാലഡും ചട്ണിയും ലഭിക്കും. ഈ കോംബോയ്ക്ക് 180 രൂപയാണ് വില. പാതിരക്കൊഴിയ്ക്കു പുറമെ അട്ടപ്പാടി വനസുന്ദരിയാണ് ഫുഡ് കോർട്ടിലെ മറ്റൊരു താരം.

മുളയരിപ്പായസം ,പാൽക്കപ്പ , പൊറോട്ടയും ബീഫും , അപ്പം പൊള്ളിച്ചത് തുടങ്ങി ഒട്ടേറെ വിഭവങ്ങൾ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഫുഡ് കോർട്ടിലുണ്ട്. വ്യത്യസ്തങ്ങളായ രുചികൾ രുചിച്ചു നോക്കാനുള്ള ഒരു അവസരം കൂടിയാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവൽ ഇത്തവണയും ഒരുക്കിയിരിക്കുന്നത്.