മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാർക്ക് ക്ഷാമം : തലശേരിയിൽ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങുന്നു
തലശേരി : അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഇല്ലാത്തതിനാൽ തലശ്ശേരി സബ് ആർ.ടി. ഓഫീസിൽ ഒരാഴ്ചയായി ലേണേഴ്‌സ് പരീക്ഷ നടക്കുന്നില്ല. അവസരം നഷ്ടപ്പെടുന്നവർക്ക് ഒരു മാസം കഴിഞ്ഞാലാണ് വീണ്ടും അവസരം ലഭിക്കുക. മൂന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്.
വർക്ക് അറേഞ്ച്‌മെന്റിൽ നിയമിച്ച രണ്ടു പേർ കഴിഞ്ഞയാഴ്ച തിരിച്ചു പോയി. ദിവസം 120 ഡ്രൈവിങ് പരിശോധനയും 70 ലേണേഴ്‌സ് പരീക്ഷയും 50-ലേറെ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും നടത്തണം.
കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥൻ ഡ്രൈവിങ് പരിശോധന നടത്താനെത്തുന്നുണ്ട്.രണ്ട് ഉദ്യോഗസ്ഥർക്ക് 80 ഡ്രൈവിങ് പരിശോധന നടത്താൻ മാത്രമേ കഴിയൂ. ആഴ്ചയിൽ നാല് ദിവസമാണ് ഡ്രൈവിങ് പരിശോധന നടത്തുന്നത്.
കണ്ണൂർ എൻഫോഴ്‌സ് ഓഫീസിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരെ ഡിസംബർ ഒന്നു മുതൽ താത്കാലികമായി നിയമിക്കുമെന്ന് ജോ. ആർ.ടി.ഒ. പദ്മകുമാർ പറഞ്ഞു. ഉദ്യോഗസ്ഥരെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് മോട്ടോർ ഡ്രൈവിങ് സ്‌കൂൾ അസോസിയേഷൻ തലശ്ശേരി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.