പുതിയതെരുവിൽ താൽക്കാലിക ഗതാഗത പരിഷ്‌കാരം ആശ്വാസകരമെന്ന് വിലയിരുത്തൽ

Appreciation of temporary traffic reform on new street as comforting
Appreciation of temporary traffic reform on new street as comforting

കണ്ണൂർ : ദേശീയപാതയിൽ പുതിയതെരു മേഖലയിൽ ഗതാഗത പരിഷ്‌കാരത്തിന് ഇന്നലെ  തുടക്കമായി. ആദ്യദിനം നീണ്ട തിരക്ക് ഇല്ലാതായെന്നും പരീക്ഷണം ആശ്വാസകരം ആണെന്നുമാണ് വിലയിരുത്തൽ. ഫെബ്രുവരി നാല് വരെ അഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നത്. 

 ഗതാഗത പരിഷ്‌കാരമനുസരിച്ച് കണ്ണൂർ ഭാഗത്തുനിന്ന് മയ്യിൽ ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നേരെ വളപട്ടണം ഹൈവേ ജംഗ്ഷനിൽ പോയി യു ടേൺ എടുത്താണ് മയ്യിൽ ഭാഗത്തേക്ക് തിരിഞ്ഞുപോകുന്നത്. ഇതുമൂലം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനായി.

puthiyatheru  traffic

 തളിപ്പറമ്പ്-പഴയങ്ങാടി-അഴീക്കൽ ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് ഹൈവേയിലെ ടെമ്പോ സ്റ്റാൻഡിന്റെ ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. പുതിയതെരുവിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് നിലവിൽ ഇറക്കത്തിലുള്ള ബസ് സ്റ്റോപ്പ് 50 മീറ്റർ താഴെ, ഡെയ്ലി ഫ്രഷ് സൂപ്പർമാർക്കറ്റ് മുന്നിലേക്ക് മാറ്റി. രണ്ടിടത്തും താൽക്കാലിക ബസ് ഷെൽട്ടർ സ്ഥാപിച്ചിട്ടുണ്ട്.കണ്ണൂരിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ പുതിയതെരു ജംഗ്ഷൻ ഒഴിവാക്കി പള്ളിക്കുളം, രാജാസ് ഹൈസ്‌കൂൾ, കടലായി അമ്പലം വഴി ഹൈവേയിൽ കയറണമെന്നാണ് നിർദേശം.

മയ്യിൽ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതിയതെരു ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 'യു' ടേൺ എടുക്കുവാൻ പറ്റുന്ന ഭാഗത്തു നിന്ന് 'യു' ടേൺ എടുത്ത് പോകുന്നു.
മയ്യിൽ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കഴിവതും കൊല്ലറത്തിക്കൽ റോഡ് വഴി ടോൾ ബൂത്തിലേക്ക് കയറേണ്ടതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്.പരിസര പ്രദേശത്തുള്ള ചെറുവാഹനങ്ങൾ കഴിവതും സൗകര്യപ്രദമായ ഉപറോഡുകൾ ഉപയോഗിക്കണം.

കക്കാട് നിന്നും പുതിയതെരു ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്‌റ്റൈലോ കോർണർ വഴി വരാതെ കൊറ്റാളി, പൊടിക്കുണ്ട് വഴി ഹൈവേയിലേക്ക് പ്രവേശിക്കുന്നു.
 പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്കാരവുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് കെ വി സുമേഷ് എംഎൽഎയും പോലീസും ആർടിഒയും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും അഭ്യർത്ഥിച്ചു. അഞ്ചുദിവസത്തെയും ഗതാഗതം സമഗ്രമായി പരിശോധിച്ച്‌ എല്ലാ കാര്യങ്ങളും വിലയിരുത്തി മാത്രമേ മുന്നോട്ടു പോകൂ എന്നും അറിയിച്ചു.

Tags