തളിപ്പറമ്പ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ച് പകർന്ന് മൈലാഞ്ചിയിടൽ മത്സരം

google news
mehandi

ധർമ്മശാല: പെരുന്നാളോ വിവാഹമോ വന്നെത്തുമ്പോൾ വിവിധ ഡിസൈനുകളില്‍ മൈലാഞ്ചിയണിഞ്ഞു കൈകള്‍ അലങ്കരിക്കുന്നത് പണ്ടുമുതലേ പെണ്‍കുട്ടികളുടെ ഒരു പതിവായിരുന്നു. അന്ന് തൊടിയിലെ മൈലാഞ്ചി ചെടിയിൽ നിന്നും ഇലകൾ പറിച്ചെടുത്ത് അരച്ച് , ഈർക്കിലുപയോഗിച്ചതായിരുന്നു മൈലാഞ്ചിയിട്ടിരുന്നത്. ഇന്ന് കാലം മാറി, മെഹന്ദി കോണുകൾ സുലഭമായി മാറി. ഒപ്പം  മൈലാഞ്ചിയിടൽ എന്നത് ഒരു മത്സര ഇനവുമായി..

ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മൈലാഞ്ചിയിടൽ  മത്സരത്തിൽ 18 ടീമുകളായിരുന്നു പങ്കെടുത്തത്. ഏറെ ക്ഷമയോടെ ശ്രദ്ധയോടെ മെഹന്ദി കോണുകൾ കൊണ്ട് കൈവെള്ളയിൽ വിസ്മയങ്ങൾ തീർക്കുകയായിരുന്നു ഓരോ മത്സരാർത്ഥികളും. ആവേശകരമായ മത്സരത്തിൽ ജുമാന സമീറാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആബിദ ബഷീർ രണ്ടാം സ്ഥാനവും മിസ്‌ന ഇർഷാദ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. നിരവധിപ്പേരായിരുന്നു മൈലാഞ്ചിയിടൽ മത്സരം കാണാനായി ഹാപ്പിനെസ്സ് ഫെസ്റ്റിവൽ  വേദിയിൽ എത്തിയിരുന്നത്.