എഴുത്തുകാർക്ക് സർക്കാരിനൊപ്പം നിൽക്കേണ്ട കടമയില്ല : എം. മുകുന്ദനെ പരോക്ഷമായി വിമർശിച്ച് സി.പി.എം വേദിയിൽ ടി പത്മനാഭൻ

Writers have no duty to stand with the government: M. T Padmanabhan indirectly criticized Mukundan on CPM platform
Writers have no duty to stand with the government: M. T Padmanabhan indirectly criticized Mukundan on CPM platform

കണ്ണൂർ : നോവലിസ്റ്റ് എം. മുകുന്ദനെതിരെ പരോക്ഷ വിമർശനവുമായി കഥാകൃത്ത് ടി. പത്മനാഭൻ രംഗത്തെത്തി. ഭരണക്കാർക്ക് വേണ്ടിയെഴുതുകയെന്നതാണ് എഴുത്തു കാരൻ്റെ കടമയെന്ന് ഒരു സാഹിത്യകാരൻ പറഞ്ഞതു കേട്ടപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയി. സത്യത്തിനും നീതിക്കും ഒപ്പം നിൽക്കുകയാണ് എഴുത്തുകാരൻ്റെ കടമയെന്നാണ് താൻ വിശ്വസിക്കുന്നത്.

ജനനന്മയ്ക്കായി സർക്കാരിന് ഒപ്പം നിൽക്കുന്നതാണ് നിയമസഭാസാഹിത്യപുരസ്കാരം സ്വീകരിച്ചതുകൊണ്ട് ഈ എഴുത്തുകാരൻ പറഞ്ഞത്. എഴുത്തുകാർക്ക് അങ്ങനെയൊരു കടമയില്ലെന്നും സത്യത്തിന് ഒപ്പം നിൽക്കുകയും സത്യം വിളിച്ചു പറയുകയുമാണ് കടമയെന്നും പത്മനാഭൻ പറഞ്ഞു.  

'രണ്ടാഴ്ച മുൻപ് കേരളത്തിലെ ഒരു നോവലിസ്റ്റ്  വലിയ അവാർഡ് സ്വീകരിച്ചു. ഒരു ലക്ഷം രൂപയും സ്വീകരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറുമുള്ള വേദിയിൽ പ്രസംഗിച്ചു. എഴുത്തുകാരൻ്റെ കടമ ഭരണകക്ഷിക്ക് അനുകൂലമായത് പറയുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചു. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.

ഞാൻ മനസിലാക്കിയത് എഴുത്തുകാരന് അങ്ങനൊരു കടമയില്ലയെന്നതാണ്. എഴുത്തുകാരൻ്റെ ധർമം സത്യത്തിന്റെ ഭാഗത്ത് നിൽക്കുക, സത്യം വിളിച്ചു പറയുക എന്നത് മാത്രമാണ്. എന്തെങ്കിലും കിട്ടാൻ വേണ്ടിയല്ല ഞാൻ  എഴുതുന്നതെന്നായിരുന്നു' ടി പത്മനാഭൻ്റെ വാക്കുകൾ കഴിഞ്ഞ ജനുവരി എട്ടിന് എം മുകുന്ദൻ നിയമസഭാ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.

അധികാരത്തിലിരിക്കുന്നവരുടെ കൂടെ എഴുത്തുകാർ നിൽക്കരുതെന്നത് തെറ്റായ ധാരണയാണെന്നും മുകുന്ദൻ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ടി പത്മനാഭന്റെ പ്രതികരണം. പള്ളിക്കുന്ന് വി.കെ കൃഷ്ണമേനോൻ സ്മാരക കോളേജ് ഓഡിറ്റോറിയത്തിലാണ് ശനിയാഴ്ച്ച വൈകിട്ട് സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി എഴുത്തുകാരുടെ സംഗമം നടന്നത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ വേദിയിലിരുത്തിയായിരുന്നു പുരോഗമന കലാസാഹിത്യ സംഘം നേതാവ് കൂടിയായ എം. മുകുന്ദനെതിരെ ടി. പത്മനാഭൻ ആഞ്ഞടിച്ചത്.

Tags