ചിന്മയ വിദ്യാലയ മുൻ പ്രിൻസിപ്പൽ സുഗീത രാജൻ നിര്യാതയായി

sugitha rajan
sugitha rajan

കണ്ണൂർ: ചിന്മയ വിദ്യാലയത്തിൻ്റെ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാദമിക് ഡയറക്ടറും ആയി പ്രവർത്തിച്ചു വരികയായിരുന്ന സുഗീത രാജൻ (70) നിര്യാതയായി. കണ്ണൂരിൽ ചിൻമയ വിദ്യാലയത്തിന് തുടക്കം കുറിച്ചതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്  സുഗീത രാജൻ. ചിന്മയ മിഷൻ ചീഫ് സേവക്  കെ.കെ.രാജൻ ആണ് ഭർത്താവ്. മകൻ: ചിന്മയ് കൃഷ്ണ രാജ്. പരേതരായ പ്രൊഫ. പി. കൃഷ്ണൻ-  വനജ കൃഷ്ണൻ ദമ്പതികളുടെ മകളാണ്.  സഹോദരി: പരേതയായ സംഗീത.

 2010 ൽ സി.ബി.എസ്.സിയുടെ മികച്ചഅധ്യാപിക അവാർഡും,  2013 ൽ  അന്നത്തെ രാഷ്ട്രപതി  പ്രണബ് മുഖർജിയിൽ നിന്ന്  മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരവും  കരസ്ഥമാക്കിയിട്ടുണ്ട്. 39 വർഷമായി ചിന്മയയിൽ സേവനമനുഷ്ഠിച്ചുവരുന്ന ഇവർ കണ്ണൂർ സഹോദയ ചെയർമാൻ, ജനറൽസെക്രട്ടറി , സി.ബി എസ്.ഇ ഇൻസ്പക്ഷൻ ടീം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാഷനൽ ടെസ്റ്റിംഗ് ഏജൻസി സെൻട്രൽ കോഡിനേറ്റർ, സെൻ്റർ കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സി.ബി.എസ്.ഇ സ്കൂളുകളിൽ കൾച്ചറൽ ഫെസ്റ്റ് , ടാലൻ്റ് സെർച്ച് എന്നിവയ്ക്ക് തുടക്കം കുറിച്ചതിൽ  മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. കലാമന്ദിർ, ബാലവിഹാർ, സ്വരാഞ്ജലി തുടങ്ങിയ വിവിധ പരിപാടികൾ ചിന്മയവിദ്യാലയത്തിൽ ഇവരുടെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു. 

ചിന്മയാനന്ദസ്വാമിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന സുഗീതരാജൻ ചിന്മയമിഷനുമായി ബന്ധപ്പെട്ട് വിവിധ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ചിന്മയ വിദ്യാലയത്തെ കണ്ണൂരിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി വളർത്തിയതിൽ നിർണ്ണായക പങ്കു വഹിച്ച  സുഗീത രാജന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന വമ്പിച്ച ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ തളാപ്പിലുള്ള ചിന്മയ വീട്ടിൽ എത്തുന്നത്. 

ഭൗതികദേഹം തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ തളാപ്പ്  ചിന്മയ ബാലഭവനിൽ പൊതുദർശനത്തിനുശേഷം  രാവിലെ 11 മണിക്ക്  പയ്യാമ്പലത്ത് സംസ്കാരച്ചടങ്ങുകൾ നടക്കും

Tags