എസ്എസ്എൽസി പരീക്ഷയിൽ ബീഹാറി വിദ്യാർത്ഥിക്ക് തിളക്കമാര്‍ന്ന വിജയം : അഭിനന്ദനങ്ങളുമായി ചൊക്ളിയിലെ നാട്ടുകാർ

google news
BTV

തലശേരി : പഠനത്തിനും, ജോലിക്കും, കലാ പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ എസ്.എസ് എല്‍.സി.പരീക്ഷയെഴുതിയ ബീഹാറിയായ നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് തിളക്കമാര്‍ന്ന വിജയം.

ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ പ്രിന്‍സ് കുമാറാണ് അഭിമാനാര്‍ഹമായ വിജയം കൊയ്ത് നാട്ടുകാരുടേയും, വിദ്യാലയത്തിന്റേയും അരുമയായത്.
ഹിന്ദിയില്‍ എ പ്ലസ് നേടിയ പ്രിന്‍സിന് മലയാളമടക്കം നാല് വിഷയങ്ങളില്‍ എ ഗ്രേഡുണ്ട്.

സ്‌കൂള്‍ നാടകങ്ങളിലും ശാസ്ത്ര നാടകങ്ങളിലും അഭിനയിച്ച് ഏറെ പ്രശംസ നേടിയ ഈ കലാകാരന്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ ജില്ലാതലത്തില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയിട്ടുണ്ട്.സംസ്ഥാന തലത്തില്‍ എ.ഗ്രേഡും നേടിയിരുന്നു. അഭിനയകലയില്‍ അനിതരസാധാരണമായ സിദ്ധിവൈഭവമുള്ള പ്രിന്‍സ് കുമാര്‍ ഒട്ടേറെ നാടകങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.

അഭിമാനകരമായ വിജയം കൊയ്ത പ്രിന്‍സ് ഠാക്കൂറിന് നിടുമ്പ്രം കലാഭവനില്‍ നാട്ടുകാര്‍ സ്‌നേഹാദരം നല്‍കി. ചൊക്ലി ബി.പി.സി.സുനില്‍ ബാലിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, നാടക / ചലച്ചിത്ര നടന്‍ രാജേന്ദ്രന്‍ തായാട്ട്, നടന്‍ ടി.ടി.മോഹനന്‍, ആര്‍ട്ടിസ്റ്റ് രാജേന്ദ്രന്‍ ചൊക്ലി ,ഗീതാ സുരേഷ്, എന്നിവര്‍ സംസാരിച്ചു.ടി.ടി.വേണുഗോപാല്‍ സ്വാഗതവും സുരേഷ് ചെണ്ടയാട് നന്ദിയും  പറഞ്ഞു.

Tags