ജയിൽ ജീവനക്കാരുടെ സ്പോർട്സ് മീറ്റ് കണ്ണൂരിൽ 21ന് തുടങ്ങും

The sports meet of prison staff will start on 21st in Kannur
The sports meet of prison staff will start on 21st in Kannur

കണ്ണൂർ : ജയിൽ ജീവനക്കാരുടെ രണ്ടാമത് ഉത്തര മേഖല സ്പോർട്സ് മീറ്റ് നവംബർ 21 മുതൽ 23 വരെ കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോം പരേഡ് ഗ്രൗണ്ടിൽ നടക്കും.

പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലെ 500 ഓളം ജീവനക്കാർ മീറ്റിൽ പങ്കെടുക്കും. ജയിൽ ജീവനക്കാർക്ക് ആരോഗ്യമുള്ള മനസും ശരീരവും വാർത്തെടുക്കുക എന്നതാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയുടെ ഉദ്ദേശം.

‘ഗജ്ജു’ ആണ് മേളയുടെ ഭാഗ്യ ചിഹ്നം. വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച ആനയെ പ്രതീകാത്മകമായി അവതരിപ്പിച്ച് ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഭാഗ്യചിഹ്നം രൂപപ്പെടുത്തിയത്. കണ്ണൂർ സെൻട്രൽ പ്രിസണിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.കെ. ഷിനോജാണ് ഭാഗ്യചിഹ്നം ഡിസൈൻ ചെയ്തത്.

സിനിമ താരം നിഖില വിമൽ ഭാഗ്യചിഹ്‌നം പ്രകാശനം ചെയ്തു. തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. ജയകുമാർ, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണു, റീജ്യണൽ വെൽഫയർ ഓഫീസർ കെ.ശിവപ്രസാദ്, അസിസ്റ്റന്റ് സൂപ്രണ്ട് പി.ടി സന്തോഷ് എന്നിവർ പങ്കെടുത്തു.

 ഉത്തരമേഖല പ്രിസൺ മീറ്റിന്റെ ഭാഗമായുള്ള ദീപശിഖ പ്രയാണം 20 ന് വൈകുന്നേരം നാലിന് ജയിൽ നോർത്ത് സോൺ ഡിഐജി ബി സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജയിൽ ജീവനക്കാരുടെ കായിക മേളക്ക് മുന്നോടിയായാണ് മേഖലാ കായിക മേള നടക്കുന്നത്.

Tags