കായിക മേള വിജയികൾ അണിയുന്നത് മൂത്തേടത്ത് സ്കൂൾ കുട്ടികൾ നിർമ്മിച്ച കിരീടങ്ങൾ
തളിപ്പറമ്പ്: ഒളിമ്പിക്‌സ് മാതൃകയില്‍ നവംബര്‍ നാലു മുതല്‍ 11 വരെ കൊച്ചിയില്‍വച്ച് നടത്തപ്പെടുന്ന കേരളസ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അണിയിക്കുവാന്‍ കുട്ടികള്‍തന്നെ തയ്യാറാക്കിയ വിജയ കിരീടങ്ങള്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് കൈമാറി.
തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രവൃത്തിപരിചയ നിര്‍മ്മാണ യൂണിറ്റിന്റെ ഭാഗമായ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കിരീടത്തിന്റെ മാതൃകയാണ് കുട്ടികള്‍തന്നെ മന്ത്രിയ്ക്ക് സമര്‍പ്പിച്ചത്.
ആകെ 5700 കിരീടങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.കൊച്ചി രാജീവ്ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍വച്ച് നടന്ന ചടങ്ങില്‍ മന്ത്രിയെക്കൂടാതെ, പൊതുവിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ സി.എ.സന്തോഷ്, വര്‍ക്ക് എഡ്യൂക്കേഷന്‍ വിഭാഗത്തിലെയും ഡയറക്ടറേറ്റിലെയും മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂള്‍ പ്രൊഡക്ഷന്‍ യൂണിറ്റിനെ പ്രതിനിധീകരിച്ച് സ്‌കൂള്‍ വര്‍ക്ക് എഡ്യൂക്കേഷന്‍ ടീച്ചറും സ്റ്റേറ്റ് റിസോര്‍സ് പേഴ്‌സണുമായ വി.പി.വര്‍ഷ, അദ്ധ്യാപകരായ കെ.പി.രജിന, പി.വി.ശ്രീവിദ്യ, പി.അനുപമ. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി ദിനേശന്‍ ആലിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.