എസ്.പി.സി കണ്ണൂർ ജില്ല ക്യാമ്പിൻ്റെ പേരിൽ പണപ്പിരിവെന്ന് പരാതി

kjl

കണ്ണൂർ: ചാല ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്ന സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റ് ജില്ല ക്യാമ്പിൻ്റെ പേരിൽ വ്യാപകമായ പണപ്പിരിവ് നടന്നതായി പരാതി. ജില്ല ക്യാമ്പിന് സംസ്ഥാന സർക്കാർ മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ട്രഷറി നിരോധനം കാരണം ഈ തുക കിട്ടിയിട്ടില്ല. ഈ പേരിലാണ് പിരിവ് നടത്തിയത്. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്ന് 250 രൂപ വീതമാണ് വാങ്ങിയത്. ഇതിനുപുറമെ  അധ്യാപകരിൽ നിന്നും സ്കൂൾ മാനേജർമാരിൽ നിന്നും പിരിവെടുക്കുന്നുണ്ട്.

കച്ചവട സ്ഥാപനങ്ങളിൽ നിന്ന് പിരിവായും സ്പോൺസർഷിപ്പായും പണം വാങ്ങുന്നുണ്ട്. ക്യാമ്പിൽ കുട്ടികൾ പങ്കെടുത്ത എയ്ഡഡ് സ്കൂളിലെ  മാനേജറോട് 25000 രൂപയാണ് ആവശ്യപ്പെട്ടത്. ഒരു സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ സമാഹരിച്ച തുകയും ക്യാമ്പ് ഉദ്ഘാടന വേദിയിൽ സംഘാടകർ കൈപ്പറ്റി. 

കൂടാതെ പി.എസ്.സി പരീക്ഷ ഡ്യൂട്ടിയെടുക്കമുള്ള അധ്യാപകരുടെ പ്രതിഫലം ക്യാമ്പിലേക്ക് സംഭാവനയായി നൽകണമെന്ന് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ക്രിസ്മസ് അവധിക്കാലത്ത് സാധാരണ നടക്കാറുള്ള  സ്കൂൾ തല ക്യാമ്പിന് പകരമാണ് ജില്ലാതല ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ 38 എസ്.പി.സി സ്കൂളിൽ നിന്നുള്ള പത്തു വീതം വിദ്യാർഥികളും അധ്വാപകരും പൊലീസ് ഉദ്യോഗസ്ഥരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

Tags