ഇനി നാടിനൊപ്പം, സേവനം കഴിഞ്ഞെത്തിയ സൈനികന് ആവേശകരമായ സ്വീകരണമൊരുക്കി നാടും നാട്ടാരും
കണ്ണൂർ : രാജ്യത്തിൻ്റെ അതിർത്തി സംരക്ഷിക്കുന്നതിനായ ജീവിതത്തിലെ 28 വർഷം സൈനികനായി ജോലി ചെയ്ത സുബദാർ പ്രജിത്തിന് ജന്മനാട് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി. സേവന കാലാവധി കഴിഞ്ഞു പിറന്ന മണ്ണിൽ തിരികെയെത്തിയ വീര സൈനികനാണ് നാട്ടുകാരും ബന്ധുക്കളും മുൻ സൈനികരും ചേർന്ന് പാനൂരിൽ ആവേശകരമായ വരവേൽപ്പ് നൽകിയത്.
പാനൂർ അമ്പിളി നിവാസിൽ റിട്ടയേർഡ് സർവ്വേ ഡെപ്യുട്ടി ഡയറക്ടർ ഗോവിന്ദൻകുട്ടി - പുഷ്പവല്ലി ദമ്പതികളുടെ മകനാണ് പ്രജിത്ത്. കഴിഞ്ഞ ദിവസം പട്ടാളത്തിൽ നിന്നും വിരമിച്ച ഇദ്ദേഹത്തെ പാനൂർ ഗുരുസന്നിധി പരിസരത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് എലാങ്കോട്ടെ വീട്ടിലേക്ക് ആനയിച്ചത്. തുടർന്ന് ശൗര്യ ചക്ര പി.വി മനേഷ് പൊന്നാടയണിയിച്ചു ആദരിച്ചു.
പാനൂർ നഗരസഭാ കൗൺസിലർമാരായ പി.കെ ഇബ്രാഹിം ഹാജി, എം. രത്നാകരൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ടി. രാജൻ തുടങ്ങിയവർ ആശംസയർപ്പിച്ചു. തുടർന്ന് പ്രദേശത്തെ വിമുക്തഭടൻമാരെയു വയനാട് ദുരന്തത്തിൽ സേവനം നടത്തിയ കണ്ണൂർ വാരിയേഴ്സ് അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. പട്ടാളത്തിൽ നിന്നും വിരമിക്കുന്ന ഒരു സൈനികന് നാടൊന്നാകെ ദേശഭക്തി ഗാനവും വന്ദേ മാതരവും പാടി സ്വീകരിച്ചത് കുട്ടികൾ ഉൾപ്പെടെയുള്ളവൻ ജനാവലിയിൽ ദേശസ്നേഹമുണർത്തുന്ന ചടങ്ങായി മാറുകയായിരുന്നു.