എസ്.കെ.എസ്.എസ്.എഫ് ജില്ലാ റബിഅ് കോൺഫറൻസ് കക്കാട് സെപ്തംബർ ഒന്നിന് തുടങ്ങും

SKSSF District Rabi Conference Kakkad will start on 1st September
SKSSF District Rabi Conference Kakkad will start on 1st September


കണ്ണൂർ: കാലിക സാഹചര്യത്തിൽ പ്രവാചകൻ്റെ സന്ദേശങ്ങൾ സമൂഹത്തിന് കൈമാറാൻ കണ്ണൂർ ജില്ലാ എസ്.കെ എസ് എസ്. എഫ്  വർഷം തോറും സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസും പി.കെ. പി ഉസ്താദ് അനുസ്മരണവും സെപ്തംബർ ഒന്നിന് വൈകിട്ട് നാല് മണി മുതൽ കക്കാട് വി.പി.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 അത്യാധുനിക സൗകര്യമുള്ള രണ്ടായിരം പേർക്ക് ഇരിക്കാൻ സാധ്യമായ പന്തൽ കോൺഫറൻസ് നഗരിയിൽ ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം വൈകുന്നേരം നാലുമണിക്ക് സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും. സയ്യിദ് അലി ഹാഷിം ബഅലവി തങ്ങൾനദ് വി പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. സമസ്ത കേരള ജം ഇയ്യത്തൂർ ഉലമ പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. 

പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും സമസ്ത ട്രഷറർ പി.പി ഉമർ മുസ്ല്യാർ കോയ്യോട് അനുസ്മരണ ഭാഷണം നടത്തും. പ്രവാചക ജീവിതത്തിൻ്റെ ആദ്യാവസാനചരിത്രങ്ങൾ ചേർത്ത് പ്രവാചക പ്രകീർത്തനങ്ങളാൽ രചിക്കപെട്ട മദ്ഹ് മാല വേദിയിൽ പ്രകാശനം ചെയ്യും. ജില്ലാ ഖുർആൻ മെസെജ് പ്രോഗ്രാമിൽ വിജയികളായവർക്കുള്ള അവാർഡുകൾ സയ്യിദുൽ ഉലമ വിതരണം ചെയ്യും. മഗ് രിബ് നിസ്കാനന്തരം ജില്ലാ പ്രസിഡൻ്റ് അസ്ലം അസ്ഹരി പൊയ്തുംകടവിൻ്റെ അധ്യക്ഷതയിൽ അബ്ദുൽജലിൽ റഹ്മാനി വാണിയന്നൂർ പ്രഭാഷണം നടത്തും. 

യു.എ.ഇ, മസ്ക്കറ്റ്, ഖത്തർ എന്നിവടങ്ങളിലെ കമ്മിറ്റി പ്രതിനിധികൾ വിവിധ സെഷനുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് അസ്ലം അസ്ഹരി പൊയ്ത്തുംകടവ് സ്റ്റേറ്റ് വർക്കിങ് സെക്രട്ടറി ബഷീർ അസ് അദി ജില്ലാ സെക്രട്ടറി ഇൻ ചാർജ് ഇസുദ്ദീൻ പൊതുവാച്ചേരി, സ്വാഗത സംഘം ചെയർ വാൻ ഇബ്രാഹിം മൗലവി മടക്കി മല, ജനറൽ കൺവീനർ അഷ്റഫ് ദാരിമി മമ്മാക്കുന്ന് എന്നിവർ പങ്കെടുത്തു.
 

Tags