കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തു

google news
കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ : കണ്ണൂർ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഷീ ലോഡ്ജിന്‍റെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നഗരത്തെ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 80 ലക്ഷം രൂപ കെട്ടിടത്തിനും ഫര്‍ണ്ണിച്ചര്‍, ലിഫ്റ്റ് എന്നിവയ്ക്ക് 29 ലക്ഷവും കൂടി ആകെ 1 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഏറെ ഗുണകരമാകും.  നാല് നിലകളുള്ള കെട്ടിടത്തില്‍ 3 നിലകളില്‍ ഡോര്‍മിറ്ററി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

336 സ്ക്വയര്‍ മീറ്ററാണ് കെട്ടിടത്തിന്‍റെ വിസ്തീര്‍ണ്ണം. 45 ബെഡ്ഡുകളാണ് ഉള്ളത്. ഇതില്‍ 10 എണ്ണം രാത്രികാലങ്ങളില്‍ പെട്ടെന്ന് നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്കായി മാറ്റിവെക്കും. ബാക്കി മാസവാടകയ്ക്ക് നല്‍കും.  200 രൂപയാണ് ദിവസവാടക. ഭക്ഷണമുള്‍പ്പെടെ 8000 രൂപ മാസവാടകയ്ക്കും ഡോര്‍മിറ്ററി ഉപയോഗപ്പെടുത്താം.  നാലാമത്തെ നില ഫിറ്റ്നസ്സ് സെന്‍ററിനുവേണ്ടിയാണ് സജ്ജമാക്കുക. ഇതിന്‍റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഉടന്‍ തന്നെ അതും പ്രവര്‍ത്തനമാരംഭിക്കും.

പരിപാടിയില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, അഡ്വ.പി കെ അന്‍വര്‍, ടി രവീന്ദ്രന്‍, എന്‍ ഉഷ, വി കെ ഷൈജു, മുൻ മേയർ സി സീനത്ത് കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ & സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ടി മണികണ്ഠകുമാര്‍, കോര്‍പ്പറേഷന്‍ പ്ലാനിംഗ് റിസോഴ്സ് പേഴ്സണ്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ലിസിന പി തുടങ്ങിയവര്‍ സംസാരിച്ചു.

Tags