തലശ്ശേരിയിലെ ബോംബുരാഷ്ട്രീയം അവസാനിപ്പിക്കണം; ഷാഫി പറമ്പില്‍
തലശ്ശേരി: തലശ്ശേരിയിലെ ബോംബുരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് വടകര പാര്‍ലമെന്റ് മണ്ഡലംനിയുക്ത എം.പി ഷാഫി പറമ്പില്‍. ബോംബു സ്‌ഫോടനത്തില്‍ വയോധികനായ വേലായുധന്‍ കൊല്ലപ്പെട്ട എരഞ്ഞോളികുടക്കളത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബോംബുകളെടുത്തുമാറ്റാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടത്.
ഇവിടെ ബോംബുനിര്‍മാണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്ല. ഈ പ്രദേശത്തെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. രണ്ടു ക്രിമിനല്‍ സംഘങ്ങളുളള ഏറ്റുമുട്ടലാണ് ഇവിടെ നടന്നത്. നേരത്തെയുണ്ടായ സംഭവത്തില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബോംബെന്നാല്‍ സാധനങ്ങള്‍ പോലെ വാങ്ങാന്‍ കിട്ടുന്നതല്ല. ഇതൊക്കെ ഉണ്ടാക്കിയെടുക്കുന്നതാണ്.
ഒരു ഗുണവുമില്ലാത്ത സാധനമാണ് ബോംബ്. പരിപൂർണ വിനാശകരമായ ഒരുസാധനമാണിത്. കത്തിയാണെങ്കില്‍ അടുക്കളയില്‍ കറിക്കരിയാനെങ്കിലും ഉപയോഗിക്കാം. ഇതുപൊട്ടിക്കഴിഞ്ഞാല്‍ എല്ലാംനശിപ്പിക്കും. പറമ്പില്‍ നിന്നും കിട്ടാന്‍ മാത്രം എത്രമാത്രം സാധനം ഇവര്‍സ്‌റ്റോക്ക് ചെയ്തിട്ടുണ്ടാകുമെന്ന് ഷാഫി ചോദിച്ചു.
മുഖ്യമന്ത്രി നിയമസഭയില്‍ ഇപ്പോള്‍ ബോംബു നിര്‍മിക്കാനുളള സാഹചര്യം ഇവിടെയില്ലെന്നാണ്. അല്ലാത്തപ്പോള്‍ ബോംബു നിര്‍മിക്കാനാവുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കണം. വീട്ടുപറമ്പുകളില്‍ കുട്ടികളൊക്കെ കളിക്കുന്നതാണ്. വീണുകിട്ടുന്ന പാത്രങ്ങള്‍ പൊട്ടിത്തെറിക്കുമോയെന്ന ആശങ്കയുണ്ട്. പൊലിസെന്ന സംഭവം ഇവിടെ ആക്ടു ചെയ്യുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയുംലീഗ് പ്രവര്‍ത്തകയുടെയും ബി.ജെ.പിക്കാരന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ ഇനിയും പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയും പൂര്‍ണപരാജയമാണ്. ഇനി എവിടെയൊക്കെ ബോംബുകളുടെ ബാക്കിയുണ്ടാകുമെന്ന് അറിയില്ല. അവര്‍ മാറ്റുന്നില്ലെങ്കില്‍ പൊലിസ് ചെന്നു ബോംബുകള്‍ മാറ്റണം. ഇതൊന്നും ഈ നാടിന്റെ ആവശ്യമല്ല. ചുരുക്കം ചില ക്രിമിനലുകള്‍ നാടിന്റെ സമാധാനം തകര്‍ക്കുന്നതിനാണ് ഇതൊക്കെ ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു.