കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വെന്നിക്കൊടി പാറിച്ച് എസ്.എഫ്.ഐ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കലാലയങ്ങളിൽ വീണ്ടും എസ്‌എഫ്‌ഐ ആധിപത്യം. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ പകുതിയിലധികം കോളേജുകൾ എതിരില്ലാതെ എസ്‌എഫ്‌ഐയെ മുഴുവൻ സീറ്റിലും തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്‌ച നടന്ന തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ വെന്നിക്കൊടി പാറിച്ചു.
കണ്ണൂർ ജില്ലയിലെ 44 കോളേജുകളിൽ 34 കോളേജുകളിലും എസ്എഫ്ഐ ജയിച്ചു. 24 കോളേജുകളിൽ എതിരില്ലാതെയാണ് ജയം. തെരഞ്ഞെടുപ്പ് നടന്ന തലശേരി ബ്രണ്ണൻ, വീർപ്പാട് എസ്‌എൻജി, കുന്നോത്ത് ഇ എം എസ് സ്‌മാരക കോളേജ്, നിർമലഗിരി ആർട്‌സ് കോളേജ് എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐയുടെ സമഗ്രാധിപത്യമാണ്. അഞ്ചുവർഷങ്ങൾക്ക് ശേഷം ബ്രണ്ണൻ കോളേജിൽ എല്ലാസീറ്റും എസ്എഫ്ഐ നേടി. അറബി, ഉറുദു ഡിപ്പാർട്ട്മെന്റുകൾ ഫ്രറ്റേണിറ്റിയിൽ നിന്ന് പിടിച്ചെടുത്തു.
ശ്രീകണ്‌ഠപുരം എസ്‌ഇഎസ് കോളേജിൽ 20ൽ 19ലും പയ്യന്നൂർ കോളേജിൽ 27ൽ 26ലും കണ്ണൂർ എസ്എന്നിൽ 25 ൽ 23 ലും വിജയിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ റീ കൗണ്ടിങ്ങിനെ തുടർന്ന് ഫലപ്രഖ്യാപനം മാറ്റി. കെഎസ്‌യു ആധിപത്യമുള്ള മാടായി കോളേജിൽ എട്ടിൽ നാല് മേജർ സീറ്റുകൾ പിടിച്ചെടുത്തു. ഇരിട്ടി എംജിയിലും അങ്ങാടിക്കടവ് ഡോൺ ബോസ്‌കോയിലും യുയുസി സ്ഥാനം നേടി. കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക വനിതാകോളേജ് കെഎസ്‌യു–- എംഎസ്‌എഫ് സഖ്യം നേടി.
മാത്തിൽ ഗുരുദേവ്, കുറ്റൂർ സൺറൈസ്, പെരിങ്ങോം ഗവ. കോളേജ്, ജേബീസ് ബിഎഡ് കോളേജ്, പയ്യന്നൂർ നെസ്റ്റ്, പിലാത്തറ കോ–-ഓപ്പറേറ്റീവ് കോളേജ്, നെരുവമ്പ്രം ഐഎച്ച്ആർഡി, മോറാഴ കോ–-ഓപ്പറേറ്റീവ്, തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടുവം ഐഎച്ച്ആർഡി തുടങ്ങി 24 കോളേജിൽ എല്ലാസീറ്റിലും എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചിരുന്നു.
പരീക്ഷയെ തുടർന്ന് ചെണ്ടയാട് എംജി, കോടതി വിധിയെ തുടർന്ന് ഇരിക്കൂർ സിബ്ഗ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. എസ് എഫ്.ഐ സാരഥികളെ ആനയിച്ചു കൊണ്ടു കോളേജ് കാംപസുകളിൽ വിദ്യാർത്ഥികൾ പ്രകടനം നടത്തി.