പൊന്നോണത്തിന് ഒരു കൊട്ട പൂവ് പദ്ധതി: കണ്ണൂർ കോർപറേഷനിൽ തൈ വിതരണം നടത്തി
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ജനകീയാസൂത്രണം 14-ാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടത്തുന്ന കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വാർഡിലും ഈ വർഷത്തിലെ ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് വേണ്ടി പൊന്നോണത്തിന് ഒരു കൊട്ട പൂവ് വിളവെടുപ്പിന് വേണ്ടിയുള്ള പൂചെടികളുടെ വിതരണം നടത്തി. മേയർ മുസ്‌ലിഹ് മഠത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിരയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, ഷമീമ ടീച്ചർ, വി.കെ ശ്രീലത, കൃഷി ഡെപ്യൂട്ടി ഡയരക്ടർ തുളസി ചെങ്ങാട്ട്, കൃഷി ഓഫീസർമാരായ ശ്രീകുമാർ ടി.പി, ജേക്കബ് ജോർജ് എന്നിവർ പങ്കെടുത്തു.
ഓണക്കാലത്ത് ഇതരസംസ്ഥാനത്ത് നിന്നും എത്തുന്ന പൂക്കളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും പൂക്കൾക്ക് അമിത വില ഈടാക്കുന്നത് ഒഴിവാക്കാനും ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതായി മേയർ പറഞ്ഞു. വരും കാലങ്ങളിൽ നമ്മുടെ ഭൂമിയിൽ തന്നെ വിളവെടുത്ത പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കി സമൃദ്ധമായ ഓണം ആഘോഷിക്കാൻ എല്ലാ മലയാളികൾക്കും കഴിയട്ടെയെന്നും തൈ വിതരണ പരിപാടിയുടെ ഉദ്ഘാടന വേളയിൽ മേയർ പറഞ്ഞു.