സ്‌കോര്‍ലൈന്‍ കേരള പ്രീമിയര്‍ ലീഗ് 2023-24 രണ്ടാം ഘട്ടം 30 മുതല്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍

സ്‌കോര്‍ലൈന്‍ കേരള പ്രീമിയര്‍ ലീഗ് 2023-24 രണ്ടാം ഘട്ടം 30 മുതല്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍

കണ്ണൂര്‍: സ്‌കോര്‍ലൈന്‍ കേരള പ്രീമിയര്‍ ലീഗ് 2023-24 ഫുട്ബാള്‍ മത്സരങ്ങളുടെ രണ്ടാം ഘട്ട മത്സരങ്ങള്‍ 30 മുതല്‍  കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം കോട്ടപ്പടി മൈതാനിയിലെ ആദ്യഘട്ട മത്സരങ്ങളുടെ തുടര്‍ച്ച എന്നോണം രണ്ടാം ഘട്ടത്തില്‍ കണ്ണൂരില്‍ 54 ഗ്രൂപ്പ് മത്സരങ്ങളും രണ്ടു ഗ്രൂപ്പുകളില്‍ നിന്നും യോഗ്യത നേടുന്ന ആറു ടീമുകളുടെ സൂപ്പര്‍ ലീഗ് മത്സരങ്ങളും അതിലെ വിജയികളുടെ സെമി ഫൈനലും, ഫൈനല്‍ മത്സരവും നടക്കുന്നത്.

 മലപ്പുറത്തെ ഒന്നാംഘട്ട മത്സരത്തില്‍ ഗ്രൂപ്പ് എ  യില്‍ നിന്ന് കൊണ്ടോട്ടി റിയല്‍ മലബാര്‍ എഫ്‌സി  8 പോയിന്റുമായും ഗ്രൂപ്പ് ബിയില്‍ കേരള പോലിസ് 12 പോയിന്റുമായും മുന്നിട്ടു നില്‍ക്കുകയാണ്. കണ്ണൂരിലെ പുതുതായി നവീകരിച്ച ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 20 ക്ലബ്ബുകള്‍ മാറ്റുരയ്ക്കും.

കോവളം എഫ്‌സി,  കേരള പോലീസ്, കെഎസ്ഇബി, ഗോള്‍ഡണ്‍ ത്രഡ്സ് എഫ്‌സി, കേരള ബ്ലാസ്റ്റേര്‍സ് എഫ്‌സി, എം.കെ. സ്‌പോര്‍ട്ടിങ്ങ് ക്ലബ്ബ്, എഫ്‌സി കേരള, സാറ്റ് തിരൂര്‍, ലുക സോക്കര്‍ ക്ലബ്ബ്, ബാസ്‌കോ ഒതുക്കുങ്ങല്‍, ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സി, സായ് എല്‍എന്‍സിപി, പറപ്പൂര്‍ എഫ്‌സി, മുത്തൂറ്റ് എഫ്എ, എഫ്‌സി അരീക്കോട്, റിയല്‍ മലബാര്‍ എഫ്. സി.കൊണ്ടോട്ടി, വയനാട് യുണൈറ്റഡ് എഫ്‌സി, ലിഫാ, സെന്റ് ജോസഫ് കോളേജ് ദേവഗിരി എന്നീ ടീമുകളാണ്  കണ്ണൂരില്‍ മത്സരിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ എല്ലാ ദിവസവും രണ്ട്ണ്ട മത്സരങ്ങള്‍ നടക്കും. വൈകുന്നേരം 4 മണിക്കും  7 മണിക്കുമാണ് മത്സരങ്ങള്‍ നടക്കുക. ഫുട്ബാള്‍ നിര്‍മ്മാണ കമ്പനിയായ നിവിയ മത്സരത്തിന്റെ ഔദ്യോഗിക ഫുട്ബാള്‍ ആന്റ് കിറ്റ് പാര്‍ട്ടണറാണ്. കെപിഎല്‍ മത്സര  വിജയികളെ കേരള ഫുട്ബാള്‍ അസോസിയേഷന്‍ ഐ. ലീഗിലേക്ക് നാമനിര്‍ദ്ദേശം ചെയ്യും. രണ്ടാം ഘട്ടമത്സരങ്ങളുടെ ആദ്യ ദിനം 30ന് വൈകുന്നേരം 4 മണിക്ക് ഗോകുലം കേരള എഫ്‌സിയും എഫ്‌സി കേരളയും ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തില്‍ 7മണിക്ക് ലിഫാ, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി ഏറ്റുമുട്ടും. 

മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ന് വൈകുന്നേരം 5.30ന് ജവഹര്‍ സ്റ്റേഡിയത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനും കണ്ണൂര്‍ പ്രസ് ക്ലബ്ബും തമ്മിലുളള പ്രദര്‍ശന മത്സരം നടക്കും.  വാര്‍ത്താ സമ്മേളനത്തില്‍  ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍, പി.വി. പവിത്രന്‍ മാസ്റ്റര്‍, മുഹമ്മദ് റഫീഖ്, എ.കെ. ഷെറീഫ്,സയ്യിദ്, അശോക് കുമാര്‍, രഘൂത്തമന്‍, കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്തു.

Tags