ടി.ജെ ജോസഫിന്റെ കൈവെട്ട് കേസ്: സവാദ് ഒളിവിൽ കഴിഞ്ഞത് ഷാജഹാനെന്ന പേരിൽ, ബാഹ്യസഹായം കിട്ടിയോയെന്ന കാര്യവും അന്വേഷണ പരിധിയിൽ

google news
savad

കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ട് കേസിലെ ഒന്നാം പ്രതിയായ സവാദ് കള്ള പേരിൽ എട്ടു മാസത്തോളം ഒളിവിൽ കഴിഞ്ഞത് മട്ടന്നൂരിലെ പരിയാരം ബേരത്താണെന്നാണ് വിവരം. കാസർകോട് സ്വദേശി ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് കഴിഞ്ഞു വന്നിരുന്നത്. ഇയാൾ നാട്ടുകാരോട് ഷാജഹാനെന്നാണ് പേര് പറഞ്ഞിരുന്നത്.

കേസിന്റെ വിവിധഘട്ടത്തില്‍ മറ്റുപ്രതികള്‍ പിടിക്കപ്പെട്ടപ്പോഴും ഒന്നാംപ്രതി ഒളിവിലായിരുന്നു. ആഴ്ചകളായി എന്‍.ഐ.എ സംഘം മട്ടന്നൂരിലും പരിസരത്തും രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു.

2010 മാര്‍ച്ച് 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജില്‍, നാസര്‍, നജീബ് എന്നിവര്‍ക്ക് കൊച്ചി എന്‍.ഐ.എ കോടതി ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിരുന്നു.
ഒമ്പതാംപ്രതി നൗഷാദ്, പതിനൊന്നാംപ്രതി മൊയ്തീന്‍കുഞ്ഞ്, പന്ത്രണ്ടാംപ്രതി അയൂബ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും വിധിച്ചിരുന്നു.

മറ്റുപ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റുചെയ്ത് വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചായിരുന്നു എന്‍.ഐ.എ വിചാരണ പൂര്‍ത്തിയാക്കിയത്. കണ്ണൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിലൊന്നാണ് മട്ടന്നൂർ അതുകൊണ്ടു തന്നെ ഇയാൾക്ക് ബാഹ്യസഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരുന്നുണ്ട്.

Tags