സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതിന് പിന്നിൽ സംഘ് പരിവാർ അജൻഡ : വി.ഡി സതീശൻ

vd
vd

കണ്ണൂർ : സ്വർണ കടത്തിനെ കുറിച്ച് മുഖ്യമന്തി നടത്തുന്ന പ്രചരണങ്ങൾക്ക് പിന്നിൽ സംഘ് പരിവാർ അജൻഡയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

21ന് നടത്തിയ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലും അതിനു ശേഷം നാഥനില്ലാത്ത രീതിയിൽ വന്ന അഭിമുഖവും പിന്നീട് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനവും ഒരേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയ്യാറാക്കിയതാണിത്.

 ഞങ്ങൾ പറഞ്ഞ കാര്യം തന്നെയാണ് ഇടതു സ്വതന്ത്ര എം.എൽ.എയായ പി. വി അൻവറും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഞങ്ങൾ അന്നേ വർഷങ്ങൾക്ക് മുൻപെ പറഞ്ഞിരുന്നു. അതു തന്നെയാണ് അൻവർ ഇപ്പോൾ പറയുന്നത്.

അൻവറിനെ പിൻതുണയ്ക്കുന്നത് ഞങ്ങൾക്കെതിരെ നേരത്തെ അക്രമം നടത്തിയ സി.പി.എംസൈബർ ഹാൻഡിലുകളാണ് അവരുടെയും പാർട്ടി പ്രവർത്തകരുടെയും പിൻതുണ അൻവറിനുണ്ട്. നിയമസഭയിൽ അൻവർ എവിടെ ഇരിക്കുമെന്ന ചോദ്യത്തിൽ പ്രസക്തിയില്ല സ്വതന്ത്ര എം.എൽ എ മാർ ഇരിക്കേണ്ടിടത്ത് അൻവർ ഇരിക്കും.

പ്രതിപക്ഷ നിരയിൽ അദ്ദേഹം ഇരിക്കുമോയെന്ന ചോദ്യം അപ്രസക്തമാണ്. ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ ബസിന് കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചത് എല്ലാവരും കണ്ടതാണ്. പൊലിസ്  കസ്റ്റഡിയിലെടുത്തവരെയാണ് രക്ഷാപ്രവർത്തനത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ തല്ലിച്ചതച്ചത്.

ഇവരെ കുറ്റവിമുക്തരാക്കി ക്ളീൻ ചിറ്റ് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ്. ഇതാരും അംഗീകരിക്കില്ല. ഈ നാട്ടിൽ നിയമസംവിധാനമൊക്കെ കാറ്റിൽ പറത്തിയിരിക്കുകയാണ്. കുറ്റകൃത്യം ചെയ്തവർ ശിക്ഷിക്കപ്പെടുന്നില്ല.

പൊലിസ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പവർ ഗ്രൂപ്പ് എഴുതി നൽകുന്നത് അതേപടി ചെയ്യുന്ന അടിമ കൂട്ടമായി മാറി കഴിഞ്ഞു. നീതിന്യായ വ്യവസ്ഥ തകർത്ത മുഖ്യമന്ത്രി രാജിവയ്ക്കണം. ഡോ. എം.കെ മുനീറിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് ഉയർത്തിയ സ്വർണക്കടത്ത് ആരോപണങ്ങൾ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹത്തെ ജനങ്ങൾക്ക് അറിയാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Tags