തളിപ്പറമ്പിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി കുട്ടിയുടെ കഴുത്തിലെ മാല കവർന്ന സംഭവം; മോഷണസംഘത്തിലെ ഒരു സ്ത്രീ പിടിയിൽ
ഇവരുടെ കൂട്ടാളിയായ കവർച്ചക്കാരിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പൊലിസ് പറഞ്ഞു
കണ്ണൂർ: തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് മുൻപിൽ നിന്നും ഉമ്മയുടെ ചുമലിൽ കിടന്ന കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ച കവർച്ചക്കാരിയെ തളിപ്പറമ്പ് പൊലിസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ മധുരയിൽ വച്ചാണ് തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയെ പിടികൂടിയത്.
ഒക്ടോബർ 24 ന് ഉച്ചക്ക് ഒരു മണിയോടെയാണ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച് പന്നിയൂര്‍ കണ്ണങ്കീല്‍ ഫായിസയുടെ മകള്‍ ഫെല്ല എന്ന കുട്ടിയുടെ കഴുത്തിലെ മാല തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം മോഷ്ടിച്ചു കടന്നത്. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പൊലിസിന് ലഭിച്ചിരുന്നു. ഇവരെ തിരിച്ചറിഞ്ഞ് ഉടൻ അന്വേഷണം തുടങ്ങിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു.
ശാസ്ത്രിയമായ അന്വേഷണത്തിലൂടെ ഇവർ മധുരയിലുണ്ടെന്ന് കണ്ടെത്തിയ അന്വേഷണസംഘം മധുരയിലെത്തിയാണ് സംഗീതയെ പിടികൂടിയത്. എസ് ഐ ദിനേശൻ കൊതേരി, എസ് .ഐ ബിന്ദു, സീനിയർ പോലീസ് ഓഫീസർമാരായ അരുൺ, വിനോദ്, ലത എന്നിവരടങ്ങുന്ന സംഘമാണ് നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ സംഗീതയെ പിടികൂടിയത്.
ഇവരുടെ കൂട്ടാളിയായ കവർച്ചക്കാരിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പൊലിസ് പറഞ്ഞു. സംഗീതയും കൂട്ടാളിയും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയതായി പൊലിസ് സംശയിക്കുന്നുണ്ട്. തലശേരി, മട്ടന്നൂർ മേഖലയിൽ ഈ രീതിയിലുള്ള മാല പൊട്ടിക്കൽ കവർച്ചകൾ നടന്നിട്ടുണ്ട്.