വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രമേയം
Nov 16, 2024, 14:05 IST
കണ്ണൂർ:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം പ്രമേയത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിപക്ഷ അംഗമായ പ്രദീപൻ അവതരിപ്പിച്ച പ്രമേയം സുരേഷ് ബാബു എളയാവൂർ, വി.കെ അബ്ദുൽ റസാഖ്, അഡ്വ. ടി.ഒമോഹനൻ എന്നിവർ പിൻതുണച്ചു സംസാരിച്ചു.
ഒടുവിൽ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ പ്രമേയത്തിനെ അനുകൂലിച്ചു കൊണ്ട് പറഞ്ഞതോടെ ഭരണ പ്രതിപക്ഷങ്ങൾ കൈയ്യടിച്ചു അംഗീകരിച്ചു.ദുരന്തങ്ങളിൽ രാഷ്ട്രീയം കാണരുതെന്നും മേയർ മുസ്ലീഹ് മഠത്തിൽ പറഞ്ഞു. കണ്ണൂർ നഗരത്തിലെ റോഡുകളുടെ കുഴികൾ അടയ്ക്കണമെന്ന് സ്ഥിരം സമിതി അധ്യക്ഷ മാഹിന മൊയ്തീൻ, പി.കെ രാഗേഷ് തുടങ്ങിയവർ ആവശ്യപ്പെട്ടു.