വളപട്ടണം പുഴയിലെ തുരുത്തിൽ കുടുങ്ങിയ റവന്യു സർവ്വേ സംഘത്തെ രക്ഷപ്പെടുത്തി
വളപട്ടണം: വളപട്ടണം പുഴയിലെ തുരുത്തിൽ കുടുങ്ങിയ റവന്യു സർവേ സംഘത്തെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാപ്പിനിശേരി തുരുത്തിക്കടുത്ത് ഡോക്ടർ ബണ്ട്വാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റീസർവേ നടത്താനാണ് സംഘം വെള്ളിയാഴ്ച്ച രാവിലെ ബോട്ടിലെത്തിയത്. വൈകിട്ട് അഞ്ചോടെ ജോലി കഴിഞ്ഞു തിരിച്ചുവരുന്നതിനിടെ ബോട്ട് ചെളിയിൽ കുടുങ്ങി.
വേലിയിറക്കത്തെ തുടർന്ന് വെള്ളം കുറഞ്ഞതിനാൽ ബോട്ടിന് മുന്നോട്ടുപോകാനായില്ല. ഏറെ പണിപ്പെട്ടിട്ടും ബോട്ട് ചലിപ്പിക്കാനായില്ല. പിന്നീട് കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന ഡിങ്കി ബോട്ടിൽ എല്ലാവരെയും സുരക്ഷിതമായി കരയിലെത്തിച്ചു.
റവന്യു ഉദ്യോഗസ്ഥരായ ഷിനു, നൂറ റഹീം, അഖിൽ, ബ്രിജേഷ് എന്നിവരും സഹായികളായ ബാബു, പ്രശാന്ത് എന്നിവരുമാണ് കുടുങ്ങിയത്. സ്റ്റേഷൻ ഓഫീസർ പി അജയൻ, അസി. സ്റ്റേഷൻ ഓഫീസർ ആർ പ്രശേന്ദ്രൻ, റസ്ക്യു ഓഫീസർമാരായ വൈശാഖ്ഗോപി, മിഥുൻ എസ് നായർ, സി എം ഷിജു, എം അനീഷ് കുമാർ, എസ് മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.