ബേക്കറി ഉടമയെ കാറിൽ തട്ടി കൊണ്ടുപോയി ഒൻപത് ലക്ഷം കവർന്ന കേസിൽ മൂന്ന് പേർ റിമാൻഡിൽ
കണ്ണൂർ : ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്ന കേസിലെ മൂന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏച്ചൂർ കമാൽ പീടിക സ്വദേശി പി.പി റഫീഖിനെ (45) തട്ടിക്കൊണ്ടുപോയി ഒൻപതു ലക്ഷം രൂപകർത്ത കേസിലാണ് മൂന്ന് പ്രതികൾ അറസ്റ്റിലായത് - ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസർക്കോട് കോളിയഡുക്കം സ്വദേശി അഷ്റഫ് (24) ബദിയഡുക്ക സ്വദേശി മു.എൻ മുസമ്മിൽ (24) ഇരിക്കൂർ കല്യാട് സ്വദേശി സിജോയ് (25 )എന്നിവരെയാണ് കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ, ചക്കരക്കൽ സി.ഐ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ അഞ്ചിന് പുലർച്ചെ അഞ്ചു മണിയോടെയാണ് ബംഗ്ളൂരിൽ നിന്നും പണവുമായ വന്ന പി.പി റഫീഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും ആയുധം കൊണ്ടു പരുക്കേൽപ്പിച്ച് മർദ്ദിച്ചു അവശനാക്കിയതിനു ശേഷം വഴിയരികിൽ ഉപേക്ഷിച്ചത്.
കാപ്പാട് അവശനിലയിൽ കണ്ടെത്തിയ റഫീഖിനെ പരിചയക്കാരനായ ഓട്ടോറിക്ഷ തൊഴിലാളിയാണ് ആശുപത്രിയിൽ പ്രവേശിപിച്ചത്. ഇതിനു ശേഷം കേസെടുത്ത പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് കാർ സിജോയുടെതാണെന്ന് കണ്ടെത്തിയത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളിലെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.