സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ സന്ദര്‍ശക സൗഹാര്‍ദ്ദമാക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി

ram

കണ്ണൂര്‍ : സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ സന്ദര്‍ശക സൗഹൃദമാക്കുമെന്നും ഇതിനായി പരിപാടി തയ്യാറാക്കിയിട്ടുണ്ടെന്നും മ്യൂസിയം, രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  മ്യൂസിയങ്ങളെ വിപുലപ്പെടുത്തി  ടൂറിസം ഭൂപടത്തിന്റെ ഭാഗമാക്കും. മ്യൂസിയങ്ങളില്‍ എന്തൊക്കയുണ്ടെന്ന് ജനങ്ങള്‍ക്ക് ധാരണയില്ല.

ഇതിന് പരിഹാരമുണ്ടാക്കുമെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ്  ദി പ്രസ് പരിപാടിയില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനം ഡിജിറ്റല്‍വല്‍ക്കരിക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാവും.   ജില്ലാ ഹെരിറ്റേജ് സെന്ററുകള്‍ക്ക് സ്ഥലം ലഭ്യമായാല്‍ അതിന്റെ പ്രവൃത്തി തുടങ്ങും.

ജില്ലയില്‍ കൂത്തുപറമ്പിലാണ് ഹെറിറ്റേജ് സെന്റര്‍ സ്ഥാപിക്കുന്നത്.രജിസ്ട്രേഷന്‍ സര്‍ക്കാരിന് നികുതി ലഭ്യമാക്കുന്നതില്‍ സുപ്രധാന വകുപ്പാണ്. സര്‍ക്കാരിന്റെവരുമാനത്തില്‍ രണ്ടാം സ്ഥാനത്താണ് രജിസ്‌ട്രേഷന്‍ വകുപ്പ്. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട 5822 കോടി വരുമാനത്തില്‍   3731 കോടി രൂപ നിലവില്‍ നേടിക്കഴിഞ്ഞു. ജാഗ്രതയോടെയായിരിക്കും വകുപ്പിലുള്ള ഇടപെടല്‍.

കണ്ണൂര്‍ കോട്ടയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര ആര്‍ക്കിയോളജി വകുപ്പുമായി നിരവധി തവണ ബന്ധപ്പെട്ടതാണ്. കേന്ദ്ര അനുമതി തന്നാല്‍ അവരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് പറഞ്ഞതാണ്. എന്നാല്‍ അതിന് അനുമതി നല്‍കിയുമില്ല. അവര്‍ ചെയ്യുന്നുമില്ല എന്നാണ് സ്ഥിതി. എങ്കിലും കോട്ടയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഇടപെടും.

150 വര്‍ഷം പഴക്കമുള്ള സെന്‍ട്രല്‍ ജയിലിലെ രേഖകള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അവരുമായി സംസാരിച്ച് വേണ്ടത് ചെയ്യും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും  കൈവശമുള്ള പുരാരേഖകള്‍ കമ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതി വഴി സംരക്ഷിക്കും.  കണ്ണൂര്‍ സയന്‍സ് പാര്‍ക്കിലെ ആര്‍ക്കൈവല്‍ ഗ്യാലറി നവീകരിക്കും. എകെജി മ്യൂസിയം, വള്ളോപ്പള്ളി മ്യൂസിയം ,തെയ്യം മ്യൂസിയം , പുരാരേഖപൈതൃക പഠനകേന്ദ്രം തുടങ്ങിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.

 കൈത്തറി മ്യൂസിയം വിപുലപ്പെടുത്തും തുറമുഖം വകുപ്പ് നഷ്ടപ്പെട്ടതില്‍ പ്രയാസമൊന്നുമില്ല. ഏത് വകുപ്പ് നല്‍കണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിക്കുള്ള അധികാരമാണ്. ഇന്ന വകുപ്പ് വേണമെന്ന ആവശ്യം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. ഏത് വകുപ്പ് ലഭിച്ചാലും സത്യസന്ധതയോടെ ഇടപെടും.കണ്ണൂരിന്റെ ജനപ്രതിനിധി എന്ന നിലയില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമായ നടപടികളും ഇടപെടലുകളും ഉണ്ടാകും. പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സെക്രട്ടറി കെ വിജേഷ്  സ്വാഗതവും ട്രഷറര്‍  കബീര്‍ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.

Tags