മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം : പ്രചരണ റേഡിയോ ഉദ്ഘാടനം ചെയ്തു
മാതമംഗലം : 19 വർഷങ്ങൾക്ക് ശേഷം മാതമംഗലം മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം ജനുവരി 25, 26, 27, 28 തീയ്യതികളിൽ നടക്കും. അതിൻ്റെ ഭാഗമായി പ്രചരണ കമ്മിറ്റി തയ്യാറാക്കിയ പ്രചരണ റേഡിയോ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ടി. തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രചരണ കമ്മിറ്റി ചെയർമാൻ പി. കെ. അനൂപ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എം. ശ്രീധരൻ മാസ്റ്റർ, ചെയർമാൻ വി. കെ. കുഞ്ഞപ്പൻ, ട്രഷറർ പി. വി മോഹനൻ എന്നിവർ സംസാരിച്ചു.
ജനുവരി 21 ന് 6.30 ന് മാധ്യമ സെമിനാർ കൈരളി ന്യൂസ് എഡിറ്റർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്യും തുടർന്ന് പ്രാദേശിക കലാകാരൻമാരുടെ മ്യൂസിക് ഷോ അരങ്ങേറും, ജനുവരി 22 ന് സുവനീർ പ്രകാശനം, തുടർന്ന് 8 മണിക്ക് കലാ സന്ധ്യയും അരങ്ങേറും. ജനുവരി 23 ന് ആദരം പരിപാടി,തുടർന്ന് രാത്രി 8 മണിക്ക് മ്യൂസിക്കൽ ഡാൻസ് നടക്കും.ജനുവരി 24 ന് 4 മണിക്ക് സാംസ്കാരിക ഘോഷയാത്ര കുറ്റൂരിൽ നിന്ന് ആരംഭിച്ച് ക്ഷേത്ര പരിസരത്ത് സമാപിക്കും. ഏഴുമണിക്ക് ജോൺസൺ പുഞ്ചക്കാടിൻ്റെ ഫ്ലൂട്ട് ഫ്യൂഷൻ നടക്കും. ജനുവരി 25 ന് വൈകുന്നേരം 7 മണിക്ക് സാംസ്കാരിക സമ്മേളനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും കെ. സി വേണുഗോപാൽ എംപി മുഖ്യാതിഥിയായിരിക്കും. ടി.ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും.
തുടർന്ന് ഒമ്പത് മണിക്ക് നാടകം ഉറുമാല് കെട്ടിയ ചൈത്രമാസം അരങ്ങേറും. ജനുവരി 26ന് വൈകുന്നേരം 7 മണിക്ക് സാംസ്കാരിക സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും. തുടർന്ന് ഒമ്പത് മണിക്ക് രമ്യാ നമ്പീശൻ നയിക്കുന്ന മെഗാമ്യൂസിക്ക് ലൈവ് എന്നിവ അരങ്ങേറും.
ജനുവരി27 ന് വൈകുന്നേരം 4 മണിക്ക് മംഗല കുഞ്ഞുങ്ങളോടുകൂടിയ തോറ്റം, 7 മണിക്ക് സമാപന സമ്മേളനം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.9 മണിക്ക് പാഷാണം ഷാജി നയിക്കുന്ന മെഗാ കോമഡി ഷോ അരങ്ങേറും.ജനുവരി28 ന് ഉച്ചയ്ക്ക് 1 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. എല്ലാ ദിവസവും അന്നദാനത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. 2500 ലധികം പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.