പറശ്ശിനി മടപ്പുരയിൽ പുത്തരി തിരുവപ്പന ഉത്സവത്തിന് ഡിസംബർ 2 ന് കൊടിയേറും

Puthari Thiruvapana festival will be flagged off on December 2 at Parassini Madapura
Puthari Thiruvapana festival will be flagged off on December 2 at Parassini Madapura

ധർമ്മശാല : പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും.  പി.എം. സതീശൻ മടയന്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് തുടക്കമാകും. ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ ശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീ കോവിലിൽ സമർപ്പിക്കും.

തുടർന്ന് 3 മണി മുതൽ മലയിറക്കൽ കർമ്മം നടക്കും. 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടുകൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ച്ചവരവുകൾ മുത്തപ്പ സന്നിധിയിൽ പ്രവേശിക്കും.

Puthari Thiruvapana festival will be flagged off on December 2 at Parassini Madapura

സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടം നടക്കും. തുടർന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. ശേഷം പഞ്ചവാദ്യ സംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കും.

ഡിസംബർ 3 ന് പുലർച്ചെ 5:30 ന് തിരുവപ്പന ആരംഭിക്കുകയും തുടർന്ന് രാവിലെ 10 മണിയോടുകൂടി തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നും വന്ന കാഴ്ച വരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ചു യാത്രയയക്കുകയും ചെയ്യും. ഡിസംബർ 6ന് കലശാട്ടത്തോടുകൂടിയാണ്  മഹോത്സവത്തിന് കൊടിയിറങ്ങുക. തുടർന്ന് എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും.

ഉത്സവത്തോടനുബന്ധിച്ച് ഡിസംബർ 5,6 തിയ്യതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി കഥകളിയും, ഡിസംബർ 7 രാത്രി 10 മണിക്ക് പത്മശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽ പാവക്കൂത്തും അരങ്ങേറും.

ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ധർമ്മശാലയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പി.എം വിനോദ് കുമാർ, പി.എം സുജിത്ത് കുമാർ, പി. സജീവൻ, പി.എം സുജിത്ത്, ശരത്ത് പ്രമോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags