പുന്നാട് വീട്ടിൽ സൂക്ഷിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്കേറ്റ സംഭവത്തിൽ പൊലിസ് കേസെടുത്തു

Police

കണ്ണൂർ:ഇരിട്ടി നഗരസഭയ്ക്കു പരിസരത്തുള്ള പുന്നാട് കോട്ടത്തെകുന്നിൽ  വീട്ടിലുണ്ടായ സ്ഫോടനത്തിൽ ദമ്പതികൾക്ക്  പരുക്കേറ്റു. കോട്ടത്തെക്കുന്ന് കല്ലിക്കണ്ടി സുഭാഷ് (43 )  ഭാര്യ പാർവതി എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഞായറാഴ്ച ഉച്ചയോടെയാണ് വൻ ശബ്ദത്തോടെ  വീട്ടിൽ സ്ഫോടനം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഫോടകവസ്തു നിലത്ത് വീണ് പൊട്ടിയതാണെന്നാണ് നിഗമനം. സുഭാഷിന്റെ ഇരു കാലുകൾക്കും ദേഹത്തും ഉൾപ്പെടെ പരിക്ക് പറ്റിയിട്ടുണ്ട്.  ഭാര്യക്ക്   വയറിലും ദേഹത്ത് പലയിടത്തും  പരിക്കേറ്റിട്ടുണ്ട്. സുഭാഷിനാണ് കൂടുതൽ പരിക്കെങ്കിലും ഭാര്യയുടെ പരിക്ക് ഗുരുതരമല്ല.
 
കാട്ടുപന്നിയെ പിടികൂടാൻ വേണ്ടി കെട്ടിയ പന്നിപ്പടക്കം താഴെ വീണ് പൊട്ടിയപ്പോഴാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സുഭാഷ് പോലീസിന് നൽകിയ മൊഴി. ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടക വസ്തു അശ്രദ്ധമായും നിയമ വിരുദ്ധമായും കൈകാര്യം ചെയ്തതിന് ദമ്പതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags