അവകാശ സംരക്ഷണത്തിന് 'കുട്ടി' പാര്‍ലമെന്റ്

sss

കണ്ണൂർ : ജനാധിപത്യ സംവിധാനങ്ങളുടെ ആവശ്യകതയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളുടെ അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്താന്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. വിദ്യാഭ്യാസം, ശിശുമരണം, ആരോഗ്യം, ബാലവേല, ശൈശവ വിവാഹം, ശാസ്ത്ര ബോധം, ബാലപീഡനം, സംരക്ഷണം, വിനോദം തുടങ്ങിയവയ്‌ക്കെല്ലാമുള്ള രാജ്യത്തെ കുട്ടികളുടെ അവകാശം എത്രത്തോളം ഉറപ്പാക്കപ്പെട്ടിട്ടുണ്ടെന്ന് പ്രതിനിധികള്‍ ഗൗരവപൂര്‍വം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പൊതുവായ വികസന പ്രശ്‌നങ്ങളും നേട്ടങ്ങളും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇടംപിടിച്ചു.പാര്‍ലമെന്റില്‍ രാഷ്ട്രപതിയായി ധനിക സജീവന്‍ (കണ്ണാടിപ്പറമ്പ് ഗവ. എച്ച് എസ് എസ്), ഉപരാഷ്ട്രപതി വസുദേവ് (വെല്ലൂര്‍ ജിഎച്ച്എസ്എസ്), സ്പീക്കറായി ആര്യ നന്ദ അനീഷ് (മേരിഗിരി ഇ എം സ്‌കൂള്‍) എന്നിവരും പ്രധാനമന്ത്രിയായി യുഗ്‌ദേവ് ജി കൃഷ്ണനും (സര്‍ സയ്യിദ് എച്ച്എസ്എസ്) പ്രവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവിന്റെ ചുമതല ദേവിക എസ് ദേവ് (മയ്യില്‍ ഐടിഎം) നിര്‍വഹിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ട കെ രഥുന്‍രാജ്, ദര്‍ശന, സി ശ്രീനന്ദ, വിവി മിന്‍ഹ ഷെറിന്‍ എന്നിവര്‍ മറുപടി നല്‍കി. അടിയന്തര പ്രമേയവും വാക്കൗട്ടും ഉള്‍പ്പെടുത്തി യഥാര്‍ഥ പാര്‍ലമെന്റിന്റെ പരിച്ഛേദമായി പരിപാടി മാറി.

ബാല പാര്‍ലമെന്റിന്റെ മുന്നോടിയായി നടന്ന ചടങ്ങ് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി അംഗം കെ എ സൂര്യ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡരക്ടര്‍ എ പി അംബിക, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി സുമേശന്‍, ജില്ലാ വൈസ് പ്രസിഡണ്ട് സുജീന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ എം രിസില്‍രാജ്, അംഗങ്ങളായ വിഷ്ണു ജയന്‍, അശോക് കുമാര്‍, പ്രവീണ്‍ രുഗ്മ, അനുവിന്ദ് എന്നിവര്‍ പങ്കെടുത്തു.

Tags