കെ. സുധാകരനെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ; യു.ഡി. എഫ് ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കി

google news
sudhakaran

കണ്ണൂര്‍:  കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സിപിഎം സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നതിനെതിരെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

സിപിഎമ്മിന്റെ അക്രമ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ചും കെ സുധാകരന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വക്രീകരിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കും വിധം കൃത്രിമ വീഡിയോ  സൃഷ്ടിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇത് കെ സുധാകരനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനും പൊതുജനമധ്യത്തില്‍ അപമാനിക്കുന്നതിന് വേണ്ടി സിപിഎം ബോധപൂര്‍വ്വം നടത്തുന്ന ശ്രമമാണ്. 

വാര്‍ത്താസമ്മേളനത്തിലും അഭിമുഖത്തിലും  മറ്റും കെ സുധാകരന്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെയും ഇത്തരത്തില്‍ വക്രീകരിച്ച് വ്യാപകമായി സിപിഎം ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്. കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടുകൂടിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സിപിഎം നടത്തുന്നത്. ഇത്തരത്തില്‍ വ്യാജമായി സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ യുഡിഎഫ്   ആവശ്യപ്പെട്ടു.

Tags