സ്വകാര്യ സര്‍വകലാശാല ; സിപിഎം നേതൃത്വം കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തോട് മാപ്പ് പറയണം: എന്‍. ഹരിദാസ്

google news
Haridas

കണ്ണൂര്‍ : കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ സിപിഎം നേതൃത്വം കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തോടും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനോടും പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്.

 ഏത് സാഹചര്യത്തിലാണ് സ്വകാര്യ സര്‍വ്വകലാശാലകളോടുള്ള നിഷേധാത്മകമായ നിലപാടുകളില്‍ നിന്ന് സിപിഎം നേതൃത്വം വ്യതിചലിച്ചതെന്ന വസ്തുത പൊതു സമൂഹത്തോട് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമുണ്ട്.

പിണറായി സര്‍ക്കാര്‍ കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുകയാണെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനടുത്ത് തന്നെ സ്ഥലം കണ്ടെത്തി രാജീവന്‍, ബാബു, ഷിബുലാല്‍, മധു, റോഷന്‍, പുഷ്പന്‍ എന്നിവരുടെ പേരില്‍ സര്‍വ്വകലാശാലകള്‍ ആരംഭിക്കണം.

അന്നത്തെ ഡിവൈഎഫ്‌ഐ നേതാക്കന്മാര്‍ ഇന്ന് മന്ത്രിമാരാണ്. അവര്‍ക്ക് സര്‍വ്വകലാശാലകളുടെ ചുമതല നല്‍കാനും സിപിഎം നേതൃത്വം തയ്യാറാവണം. കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കും പുഷ്പനും നല്‍കാനുള്ള ഏറ്റവും വലിയ അംഗീകാരമായിരിക്കുമത്.
സ്വകാര്യ സര്‍വ്വകലാശാലകളുടെ കടന്ന് വരവുമായി ബന്ധപ്പെട്ട് സിപിഎമ്മും എസ്എഫ്‌ഐയും കേരളത്തില്‍ കാട്ടിക്കൂട്ടിയ സമര കോലാഹലങ്ങള്‍ പൊതുസമൂഹം കണ്ടതാണ്.

ലോകാരാധ്യനായ വിദ്യാഭ്യാസ വിചക്ഷണന്‍ ടി.പി. ശ്രീനിവാസനെ പരസ്യമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിച്ചതും എന്തിന്റെ പേരിലായിരുന്നു എന്ന് കേരള സമൂഹത്തിന് അറിയാം. സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ പേരിലാണ് വാര്‍ത്താമാധ്യമങ്ങളും കേരളത്തിലെ പോലീസും നോക്കിനില്‍ക്കെ എസ്എഫ്‌ഐ ക്രിമിനല്‍ സംഘം ടി.പി. ശ്രീനിവാസനെ മൃഗീയമായ മര്‍ദ്ദിച്ചത്.

അന്ന് സിപിഎം നേതൃത്വവും പോലീസും എസ്എഫ്‌ഐക്കാരുടെ  അക്രമം കണ്ട് രസിക്കുകയായിരുന്നു. അന്നും ഇന്നും എസ്എഫ്‌ഐ അക്രമത്തെ ന്യായീകരിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. അന്ന് പിണറായി പറഞ്ഞത് ടി.പി. ശ്രീനിവാസന്‍ അത്ര വലിയ വിദ്യാഭ്യാസ വിചക്ഷണനൊന്നുമല്ലെന്നാണ്. ഇന്നും പിണറായിയുടെ നിലപാട് അത് തന്നെയാണോ എന്ന് അറിയാന്‍ പൊതുസമൂഹത്തിന് ആകാംക്ഷയുണ്ട്.

 സിപിഎം നിലപാട് കാരണം കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടത്.

വികസന കാര്യങ്ങളെ ആദ്യം എതിര്‍ക്കുക പിന്നീട് അംഗീകരിക്കുക എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം കോടികളുടെ പൊതു മുതലും  വിലപ്പെട്ട രേഖകളുമാണ് നശിപ്പിച്ചത്. നിരവധി പേരുടെ ജീവിതമാണ് വഴിയാധാരമായത്.

പരശ്ശിനിക്കടവ് പാമ്പ് വളര്‍ത്തുകേന്ദ്രത്തിലെ മിണ്ടാപ്രാണികളെ പോലും ഡിവൈഎഫ്‌ഐക്കാര്‍ വെറുതെ വിട്ടില്ല. സമരാഭാസത്തിന്റെ പേരില്‍ ഇനിയെങ്കിലും സിപിഎം നേതൃത്വം കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

Tags