വൈജ്ഞാനിക മുന്നേറ്റങ്ങൾ അടുത്തറിയാം; തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ടേണിംഗ് പോയിൻ്റ് വിദ്യാഭ്യാസ എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായി; എം വി ഗോവിന്ദൻ എംഎൽഎ

Preparations for Turning Point Education Expo to be organized at Taliparamba have been completed
Preparations for Turning Point Education Expo to be organized at Taliparamba have been completed

തളിപ്പറമ്പ: വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയുന്നതിന് അവസരമൊരുക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനും ആയി തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ടേണിംഗ് പോയിൻറ് വിദ്യാഭ്യാസ എക്സ്പോ നവംബർ 14,15 തീയതികളിൽ നടക്കും. എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ തളിപ്പറമ്പ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായാണ് ടേണിംഗ് പോയിൻ്റ് വിദ്യാഭ്യാസ എക്സ്പോ സംഘടിപ്പിക്കുന്നത്.

രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വിദ്യാഭ്യാസ എക്സ്പോയുടെ ഉദ്ഘാടനം 14ന് രാവിലെ 10 മണിക്ക് കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജിൽ എം.വി. ഗോവിന്ദൻ എം.എൽ എയുടെ അധ്യക്ഷതയിൽ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പ്രശസ്ത സിനിമാതാരം അന്ന ബെൻ വിശിഷ്ടാതിഥിയാകും. സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, പ്രശസ്ത സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. 

8000 കുട്ടികളും 1000 ലധികം രക്ഷിതാക്കളും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ റജിസ്ട്രേഷൻ വഴി രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർസെക്കൻഡറി,കോളേജ് വിദ്യാർത്ഥികൾക്ക് അഭിരുചിക്കക്കനുസരിച്ച് ഏത് കോഴ്സ് തിരഞ്ഞെടുക്കണം, ജോലി സാധ്യതകൾ എന്തൊക്കെയാണ് ,ഏതെല്ലാം മേഖലയിൽ സ്കോളർഷിപ്പ് സംവിധാനത്തോടെ പഠിക്കണം, നൂതനമായ കോഴ്സുകൾ ഏതൊക്കെ, വിദ്യാർത്ഥികളുടെ മുന്നേറ്റത്തിന് രക്ഷിതാക്കളുടെ ഉത്തരവാദിത്തങ്ങൾ തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് ദിശാബോധം നൽകുന്ന സവിശേഷമായ ഇടപെടലാണ് ടേണിംഗ് പോയിൻ്റ്.

ഉന്നത ബിരുദം നേടിയ വിദ്യാർത്ഥികൾക്കും വിവിധ തൊഴിൽ മേഖലകൾ ഏതൊക്കെയാണ് എന്ന് പരിചയപ്പെടുന്നതിനും അനുയോജ്യമായ തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും ടേണിംഗ് പോയിൻറ് ലക്ഷ്യമിടുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രശസ്തർ, അക്കാദമിക രംഗത്തെ വിദഗ്ധർ,കരിയർ രംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ സെമിനാറുകൾ എക്സ്പോയുടെ പ്രത്യേകതയാണ്.

Preparations for Turning Point Education Expo to be organized at Taliparamba have been completed

വിദ്യാർത്ഥികൾക്ക് വിജ്ഞാന പ്രദമാകുന്ന തരത്തിൽ വിവിധ യൂണിവേഴ്സിറ്റികൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും സേവനങ്ങളും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് അവരുടെ അഭിരുചി മനസ്സിലാക്കി ഏതൊക്കെ കോഴ്സുകൾ തിരഞ്ഞെടുക്കണം എന്ന് മനസ്സിലാക്കുന്നതിന് കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ രണ്ടു ദിവസവും എക്സ്പോയിൽ സംഘടിപ്പിക്കുന്നു. 

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് ഈ അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ കഴിയുക.ഇതിലൂടെ വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും ഏത് മേഖലയിലാണ് അവർക്ക് തിളങ്ങാൻ ആവുക എന്ന് തിരിച്ചറിയാൻ സാധിക്കും.14ന് രാവിലെ 11 മണിക്ക് സന്തോഷ് ബാബു ഐ എഎസിൻ്റെ നേതൃത്വത്തിൽ സിവിൽ സർവീസ് എന്ന വിഷയത്തിലും 11.30 ന് കോമേഴ്സ് ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസ് എന്ന വിഷയത്തിൽ കരിയർ ഗുരു എം എസ് ജലീലും ക്ലാസ് നയിക്കും.  

ഉച്ചയ്ക്ക് രണ്ടുമണിക്ക് 3 സെഷനുകളാണുള്ളത്. സ്റ്റാർട്ടപ്പുകളും സംരംഭകത്വവും എന്ന വിഷയത്തിൽ കേരള സ്റ്റാർട്ട് അപ് മിഷൻ സിഇഒ ശ്രീ അനൂപ് അംബിക,പത്താം തരത്തിനു ശേഷമുള്ള ഉപരിപഠന സാധ്യതകൾ വിദ്യാഭ്യാസ വിദഗ്ധൻ  ശ്രീ അൻവർ മുട്ടാഞ്ചേരി,ഉപരിപഠന മേഖലയിലെ സാമ്പത്തിക ആസൂത്രണവും വിദ്യാഭ്യാസ വായ്പ സാധ്യതകളും എന്നീ വിഷയത്തിലും ക്ലാസുകൾ ഉണ്ടായിരിക്കും.

രാവിലെ 11 മുതൽ വൈകിട്ട് 3. 30 വരെ എൻജിനീയറിങ് കോളേജ് ലാബിൽ വിദ്യാർത്ഥികളെക്കായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തും. 15 രാവിലെ 10.00 മണിക്ക് രണ്ട് സെഷനുകളാണ് ഉള്ളത്. ഗുഡ് പാരന്റിങ് എന്ന വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ, എൻജിനീയറിങ് കോഴ്സുകളും സാധ്യതകളും എന്ന വിഷയത്തെ ഡോക്ടർ അരുൺ സുരേന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും. 

11.30 ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ഇൻഫോപാർക്ക് സി.ഇ. ഒ സുശാന്ത് കുറുന്തിൽ ,ഹെൽത്ത് സയൻസ് വിവിധ സാധ്യതകൾ വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ടെക്നോളജി ഡയറക്ടർ ഡോക്ടർ ആശാ എസ് കുമാർ എന്നിവർ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക്  മൂന്ന് സെഷനുകൾ ആണുള്ളത്. വൈവിധ്യവൽക്കരിക്കപ്പെടുന്ന കോഴ്സുകളും മാറുന്ന തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ പ്രവീൺ പരമേശ്വർ, വിദേശരാജ്യങ്ങളിലെ ഉപരിപഠനം എന്ന വിഷയത്തിൽ കെ ആർ അനൂപ് (എം.ഡി ഒഡെപെക്), ഹ്യുമാനിറ്റീസ് - ഉപരിപഠന മേഖലകൾ എന്ന വിഷയത്തിൽ ജ്യോതിഷ് കുമാർ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.രാവിലെ 10 മുതൽ വൈകുന്നേരം 3 .30 വരെ എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥികൾക്കായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തും.

തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വൈജ്ഞാനിക മേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളുടെ അനുമോദിക്കുന്ന ചടങ്ങും ഈ വർഷം മികച്ച രീതിയിൽ നടത്താൻ നമുക്ക് സാധിച്ചുവെന്നും  കുട്ടികൾക്ക് പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിന് പരിരക്ഷ എന്നപേരിൽ മോട്ടിവേഷൻ ക്ലാസും കൗൺസിലിംഗ് ക്ലാസുകളും എല്ലാ വിദ്യാലയങ്ങളിലും സംഘടിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

കുട്ടികൾക്കും വിദ്യാലയ പ്രവർത്തകർക്കും എംഎൽഎയോട് സംസാരിക്കുന്നതിനും വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ പങ്കുവെക്കുന്നതിനും മൊബൈൽ ആപ്പ് വിദ്യാലയങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് കഴിഞ്ഞിട്ടുണ്ട്. വിദ്യാർഥികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനായി യോഗ പരിശീലനം ഉൾപ്പെടെയുള്ള ഇടപെടലുകൾ നടത്തിവരുന്നു അടിസ്ഥാന സൗകര്യ വികസനത്തിന് ഇതുവരെ ഇല്ലാത്ത മുന്നേറ്റമാണ് തളിപ്പറമ്പിൽ ഉണ്ടായിട്ടുള്ളത്.

ദൂരിപക്ഷം സർക്കാർ വിദ്യാലയങ്ങൾക്കും കെട്ടിടം നിർമിക്കുന്നതിനായി ഫണ്ട് ഈ സർക്കാർ നൽകുകയുണ്ടായി. സ്കൂളുകൾക്ക് ആവശ്യമായ കമ്പ്യൂട്ടർ ലാബ് , കളിസ്ഥലം എന്നിവയൊക്കെ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ടേണിംഗ് പോയിൻറ് കരിയർ എക്സ്പോ എന്നും എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായി എന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ എംഎൽഎ, ടി ഒ മുരളീധരൻ, കെ പി രാജേഷ്, ആർ രാജേഷ് കുമാർ, സുനിൽ കെ സി, പി പി ദിനേശൻ, കെ വി ദിപേഷ് എന്നിവർ പങ്കെടുത്തു.

Tags