കടവത്തൂരിലെ തീപ്പിടിത്തത്തിൽ രണ്ടു കോടിയുടെ നഷ്ടമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്
തലശേരി :കടവത്തൂർ ടൗണിൽ മൂന്നു കടകളും തേങ്ങ സംഭരണശാലയും കത്തിനശിച്ചതിനെ തുടർന്ന് രണ്ടു കോടിയുടെ നാശനഷ്ടമുണ്ടായതായി പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.സമീപത്തെ കടകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.ഞായറാഴ്ച്ചപുലർച്ചെ നാലരയ്ക്കും, വൈകിട്ട് മൂന്നരയോടെയുമാണ് രണ്ടു സമയങ്ങളിൽ തീപിടിത്തമുണ്ടായത്.
കല്ലിക്കണ്ടി റോഡിലുള്ള ഇരുനില കെട്ടിടത്തിലാണ് വൈകിട്ട് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന പെരിങ്ങത്തൂരിലെ മുനീറിന്റെ മെട്രോ ഫാൻസി ആൻഡ് ഫുട്‌വെയർ, ചൊക്ലിയിലെ മശ്ഹൂദിന്റെ ഡാസിൽ ഫാൻസി, പന്ന്യന്നൂരില റഷീദിന്റെ റൂബി പർദഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. സ്വർണാഞ്ജലി ജ്വല്ലറി, കേക്ക് ക്ലബ് ഉൾപ്പെടെയുള്ള കടകൾക്ക് കേടുപാടുകൾ പറ്റി. പാനൂർ, തലശേരി, നാദാപുരം എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്‌നിരക്ഷാ സേന മണിക്കുറുകളുടെ ശ്രമഫലമായാണ് തീയണച്ചത്.
കടവത്തൂർ– -പാനൂർ റോഡിലെ റോയൽ തേങ്ങ–-കൊപ്ര സംഭരണശാലയ്ക്ക് അന്നേ ദിവസംപുലർച്ചെയാണ് തീപിടിച്ചത്. മുകൾനിലയിലെ കൊപ്ര ഉണക്കുന്ന ഷെഡ് പൂർണമായും കത്തി 40 ക്വിന്റൽ കൊപ്ര നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. രണ്ടു സമയങ്ങളിലായുള്ള തീപിടിത്തം പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിരുന്നു.
തുടക്കം മുതലേ നാട്ടുകാരുടെ രക്ഷാപ്രവർത്തനവുമുണ്ടായിരുന്നു. പാചകവാതകം ഉൾപ്പെടെയുള്ള ഹോട്ടലുകളിലേക്ക് തീ പടരാതെ ശ്രദ്ധിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തെ കുറിച്ചു സമഗ് കൊളവല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കെ പി മോഹനൻ എംഎൽഎ സ്ഥലം സന്ദർശിച്ചു.