സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാറുടേത് രാഷ്ട്രീയ പ്രേരിത നടപടി, നിയമപരമായി നേരിടും : ഇന്ദിരാഗാന്ധി പ്രസിഡന്റ് കെ പി സാജു

google news
kp

തലശ്ശേരി : സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ തന്നെ അയോഗ്യനാക്കിയത്  രാഷ്ട്രീയ പ്രേരിത നടപടിയാണെന്നു ഇന്ദിരാഗാന്ധി സഹകരണാശുപത്രി പ്രസിഡന്റ് കെ.പി.സാജു മഞ്ഞോടിയില്‍ പറഞ്ഞു.

ഇതിനെ നിയമപരമായി നേരിടും. വളരെ അപ്രതീക്ഷിതമായാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടാകാന്‍ നിയോഗമുണ്ടായത്.പാര്‍ട്ടിയുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, പ്രതിസന്ധിയില്‍ ചാവേറായി മുന്നില്‍ നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍, ഒരു നിമിഷം പോലും ആലോചിച്ചു നില്‍ക്കാതെ മുന്നില്‍ നില്‍ക്കുകയായിരുന്നു.

കെ. സുധാകരനെന്ന  രാഷ്ട്രീയ നേതാവിന്റെ ഇച്ഛാശക്തിയും കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ചാവേറാകാന്‍ നിയോഗിക്കപ്പെട്ടവര്‍ ജയിച്ച് കയറുകയായിരുന്നു. അങ്ങനെയാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടായി ഞാന്‍ തെരഞ്ഞെടുക്കപ്പെടുന്നതെന്നും കെ.പി സാജു പറഞ്ഞു.

എന്നില്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായി നിറവേറ്റി എന്ന അഭിമാന ബോധത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. ഒഴിഞ്ഞുകിടന്ന മുറികളും കാലിയായിരുന്ന ഒ.പി കളും ഇന്ന് തിരക്കേറിയ ഇടങ്ങളായി മാറുന്നു എന്നുള്ളത് നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒന്നാമതാണ്.

ഞങ്ങളുടെ ഭരണസമിതി അധികാരം ഏറ്റെടുക്കുമ്പോള്‍ വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്നു ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. 15 കോടിയായിരുന്നു അറ്റ നഷ്ടം. ഞങ്ങളുടെ ഈ കാലയളവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2 കോടി 20 ലക്ഷം ലാഭം ഉണ്ടാക്കാന്‍ സാധിച്ചു എന്നുള്ളത് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു.

ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിന് മുന്നേ ഞാന്‍ പാനൂര്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ എന്ന ഒരു ചാരിറ്റി സംഘടനയുടെ ചെയര്‍മാന്‍ ആയിരുന്നു. കോവിഡ് കാലത്ത് ആയിരക്കണക്കിന് രോഗികളുടെ വീടുകളില്‍ മരുന്ന് എത്തിച്ച് സഹായിച്ച അനുഭവ പാഠങ്ങളാണ് ചാരിറ്റി എന്നുള്ള രൂപത്തില്‍ ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നോമിനേഷന്‍ കൊടുക്കുന്നതിനു മുന്‍പേ പ്രസ്തുത സ്ഥാനം ഞാന്‍ ഒഴിഞ്ഞിരുന്നു. പാനൂര്‍ ഹെല്‍ത്ത് ഫൗണ്ടേഷന്റെ ചില ലൈസന്‍സുകളില്‍ ചെയര്‍മാന്‍ എന്നുള്ള നിലയില്‍ എന്റെ പേരാണ് ഉണ്ടായിരുന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ട് ആയതിനുശേഷം പാനൂര്‍ ഹെല്‍ത്ത് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി എനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

ലൈസന്‍സുകള്‍ എടുത്തു എന്നല്ലാതെ ഫൗണ്ടേഷന്റെ കീഴില്‍ ഒരു സ്ഥാപനവും തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല എന്നുള്ളത് യാഥാര്‍ഥ്യമാണ്. പ്രസ്തുത ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതവും ആണ്.

നേരത്തെ ഉണ്ടായിരുന്ന ചില ലൈസന്‍സുകളിലെ എന്റെ പേര് ചൂണ്ടിക്കാണിച്ചു നല്‍കിയ പരാതിയിലാണ് എന്നെ ഇപ്പോള്‍ അയോഗ്യനാക്കിയിരിക്കുന്നത്. തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു നടപടിയാണ് ഇതിലൂടെ കണ്ണൂര്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ ചെയ്തിരിക്കുന്നത്.ഈ രാഷ്ട്രീയപ്രേരിതമായ നടപടിയെ  താന്‍ നിയമപരമായി നേരിടുമെന്ന് കെ.പി സാജു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Tags