എ.ഡി.ജി.പിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണം കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കണം: പി.കെ കൃഷ്ണദാസ്
കണ്ണൂർ : എ.ഡി.ജി.പിക്കെതിരെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് കണ്ണൂരിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി രാജിവെച്ചു കൊണ്ടു അന്വേഷണം നടത്തണം എം.ആർ അജിത്ത് കുമാറിനെതിരെയുള്ള അന്വേഷണം കീഴുദ്യോഗസ്ഥനായ ഐ.ജി യെക്കൊണ്ടു അന്വേഷിക്കുന്നത് പ്രഹസനമാണ്. ഇതിനെക്കാൾ ഭേദം തനിക്കെതിരെയുള്ള അന്വേഷണം എഡി.ജി.പി തന്നെ നടത്തുന്നതാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അകത്തു നിർത്തിയുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
അധോലോക സംഘമായി കേരളത്തിലെ പൊലിസ് മാറിക്കഴിഞ്ഞിരിക്കുകയാണ്. സ്വർണ കടത്ത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പൊലിസ് മേധാവികൾ പങ്കാളികളാവുകയാണ്. ദാവൂദ് ഇബ്രാഹിമിനോടാണ് ഒരു ഭരണകക്ഷി എം എൽ.എ തന്നെ എ.ഡി.ജി.പി യെ വിശേഷിപ്പിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസൻ , വൈസ് പ്രസിഡൻ്റുമാരായ രാജൻ പുതുക്കുടി, ടി.സി മനോജ് എന്നിവർ പങ്കെടുത്തു.